തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നസീമിന് കഞ്ചാവ് എത്തിച്ചത് സുഹൃത്തുക്കൾ. ഇന്നലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ സുഹൃത്തുക്കൾ കൈമാറിയ കഞ്ചാവ് പിയേഴ്സ് സോപ്പിന്റെ കവറിനുള്ളിലാക്കിയാണ് ജയിലിൽ എത്തിച്ചതെന്ന് നസീം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. താൻ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.
ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഡി.ജിപി ഋഷിരാജ് സിംഗിന്റെ നിർദേശാനുസരണം ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിയേഴ്സ് സോപ്പിന്റെ കവറിനുള്ളിൽ പകുതിയോളം വരുന്ന കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവ് ഇന്ന് പൊലീസിന് കൈമാറും. ജയിലിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ജയിൽ സൂപ്രണ്ടിന്റെ മൊഴിരേഖപ്പെടുത്തിയശേഷം അന്വേഷണം നടത്തുമെന്ന് പൂജപ്പുര പൊലീസും വെളിപ്പെടുത്തി. നസീമിനെ കൂടാതെ ജയിലിലെ മറ്റൊരു സെല്ലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ പതിനാറ് ബ്ളോക്കുകളിലെ മുഴുവൻ സെല്ലുകളിലും ജയിൽ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ബീഡി, പാൻപരാഗ്, ഹാൻസ് തുടങ്ങിയവയും വിവിധ സെല്ലുകളിൽ നിന്നായി കണ്ടെത്തി. ജയിൽ സൂപ്രണ്ടിന്റെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്തശേഷം കോടതിയിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചാലേ പൊലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിയൂ. പൊലീസ് അന്വേഷണത്തിൽ കഞ്ചാവ് കൈമാറിയവരുൾപ്പെടെ കൂടുതൽ പേർ കുടുങ്ങും.