health

ശരീരത്തിലെ അശുദ്ധ രക്തവാഹികളായ സിരകൾ അവയുടെ ഇലാസ്‌റ്റിസിറ്റി നഷ്ടപ്പെട്ട് അയഞ്ഞ് പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയെയാണ് സിരാവീക്കം അഥവാ വെരിക്കോസ് വെയ്‌ൻ എന്ന് പറയുന്നത്.

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഈ അസുഖം കാലം കഴിയുന്തോറും കൂടുതൽ ബുദ്ധിമുട്ടുകളിലേക്കും വെരിക്കോസ് അൾസർ പോലുള്ള അവസ്ഥയിലേക്കും എത്തുന്നു.

ആദ്യഘട്ടത്തിൽ കൂടുതൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്ന് തടിച്ച് പുറത്തേക്കു വീങ്ങി നീല നിറമാകുക, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിലെ അസഹ്യമായ വേദനയും പെരുപ്പും, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിൽ, കാലുകളിലെ കഴപ്പ്, പുകച്ചിൽ, മസിലുപിടിത്തം എന്നിവ സാധാരണ കാണുന്ന ലക്ഷണങ്ങളാണ്.ദീർഘകാലം ചികിത്സിക്കാതിരുന്നാൽ അശുദ്ധ രക്തം വികസിച്ച് സിരകളിൽ കെട്ടിനിന്ന് പൊട്ടുകയും വെരിക്കോസ് അൾസർ എന്ന് പേരായ ഉണങ്ങാൻ ബുദ്ധിമുട്ടുള്ള ശക്തമായ വേദന ഉണ്ടാക്കുന്ന മുറിവുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

കാരണങ്ങൾ

ഹൃദയത്തിൽ നിന്ന് മറ്റു ശരീരഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നത് ധമനികളും ഈ രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്നത് സിരകളുമാണ്. കാലിലെ പേശീസങ്കോചവും, സിരകളിലെ ഇലാസ്തികതയും ഒരു വശത്തേക്കു മാത്രം രക്തത്തെ കടത്തിവിടുന്നു. സിരകളിലെ വാൽവുകളാണ് ഗുരുത്വാകർഷണത്തിനെതിരെ പ്രവർത്തിച്ച് രക്തത്തെ തിരികെ ഹൃദയത്തിലെത്തിക്കുന്നത്. ദീർഘകാലം നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്നതും രക്തത്തിന്റെ കട്ടി കുറയുന്നതു മൂലവും വ്യായാമത്തിന്റെ അഭാവവും സിരകളുടെ ഇലാസ്തികത നഷ്ടപ്പെടുന്നതിനും വാൽവുകളുടെ നാശത്തിനും വഴിയൊരുക്കുന്നു. ഇങ്ങനെ പല ഘട്ടങ്ങളായി വെരിക്കോസ് വെയിൻ എന്ന അസുഖം ഉണ്ടാകുന്നു.

സങ്കീർണതകൾ

സിരകൾ തടിച്ച് വീർത്ത ഭാഗത്തെ ചർമ്മത്തിൽ രൂപപ്പെടുന്ന വ്രണങ്ങളാണ് രോഗം സങ്കീർണമാക്കുന്നത്. ഈ ഭാഗം പൊട്ടി രക്തം പുറത്തുപോകുന്നത് പലപ്പോഴും രോഗി അറിയാറില്ല.

പ്രതിരോധ മാർഗങ്ങൾ

ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയിൻ ഒരു പരിധിവരെ പ്രതിരോധിക്കും. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുക, ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, നാരുകൾ കൂടുതലുള്ള ആഹാരങ്ങൾ എന്നിവ ശീലമാക്കുക. ജോലി ചെയ്യുമ്പോൾ ഒരേ പൊസിഷനിൽ നിൽക്കാതിരിക്കുക, വിശ്രമിക്കുമ്പോൾ കാലുകൾ ഉയർത്തിവയ്ക്കുക.

ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

ഡോ. മഹേഷ് കുമാർ

സംരക്ഷ ആയുർവൈദ്യനിലയം

കണ്ണമ്മൂല, തിരുവനന്തപുരം

ഫോൺ: 9895909303.