കല്ലമ്പലം: നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് മുന്നറിയിപ്പില്ലാതെ കലുങ്ക് നിർമ്മാണത്തിനായി കുറുകെ മുറിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പള്ളിക്കൽ - ഇടവേലിയ്ക്കൽ - പകൽക്കുറി റോഡാണ് ചെമ്മരത്തിന് സമീപം ജെ.സി.ബി കൊണ്ട് വീതിയിൽ മുറിച്ചത്. ഇതോടെ ഇതുവഴി കാൽ നടയാത്രപോലും അസാദ്ധ്യമായി. 65 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ നവീകരണം പൂർത്തിയാക്കിയിട്ട് ഒരു വർഷം പോലും തികയും മുൻപാണ് കലുങ്ക് നിർമ്മാണത്തിനുവേണ്ടി പൊളിച്ചത്. പള്ളിക്കൽ നിന്ന് പകൽക്കുറിക്ക് പോകേണ്ട പ്രധാന പാതയാണ് അടഞ്ഞത്. ഇനി കിലോമീറ്ററുകൾ ചുറ്റികറങ്ങിവേണം പകൽക്കുറിക്ക് പോകാൻ. റോഡ് പൊളിച്ചിട്ട് രണ്ടാഴ്ചയോളം ആയെങ്കിലും കഴിഞ്ഞ ദിവസമാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്.സാധാരണ നിലയിൽ ഒരു വാഹനത്തിനു കടന്നുപോകാനുള്ള സ്ഥലം ഒഴിവാക്കി പകുതി ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും അത് പൂർത്തീകരിച്ചശേഷം മറുഭാഗത്ത് തുടങ്ങുകയുമാണ് പതിവ്. എന്നാൽ ഇവിടെ അതുണ്ടാകാതിരുന്നതിലും, ജനങ്ങളെ അറിയിക്കാതെ റോഡ് മുറിച്ച് ഗതാഗതം തടസപ്പെടുത്തിയതിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.