തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളകളിൽ നടത്തിയ ക്രൂര കൊലപാതകങ്ങളിൽ ജോളിയെ പൊലീസ് കുരുക്കിയത് മാസങ്ങൾ നീണ്ട നിശബ്ദ നീക്കങ്ങൾക്കൊടുവിൽ! അന്വേഷണഘട്ടത്തിൽ ഒരു തരിമ്പുപോലും ചോർന്നുപോകാതെ സൂക്ഷിക്കാനും വടകര എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായി. മികച്ച ആസൂത്രണമാണ് പ്രാഥമിക അന്വേഷണത്തിൽ ഓരോ ഘട്ടത്തിലുമുണ്ടായത്. കൂടത്തായിയിൽ ജോളിയിലേക്ക് നീങ്ങിയ അന്വേഷണ വഴികളിലൂടെ..
പതിരാകാത്ത പരാതി
പൊന്നാമറ്റം വീട്ടിലും കട്ടപ്പനയിലെ ജോളിയുടെ കുടുംബവീട്ടിലും എൻ.ഐ.ടിയിലും വേഷപ്രച്ഛന്നരായാണ് പൊലീസ് സംഘം ആദ്യഘട്ടങ്ങളിൽ നീങ്ങിയത്. കാക്കിയുടെ നിഴലോ ജീപ്പിന്റെ ഇരമ്പലോ കോലാഹലങ്ങളോ ഇല്ലാതെ സസൂക്ഷ്മമായിരുന്നു ഓരോ നീക്കങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൊന്നാമറ്റം കുടുംബാംഗമായ അമേരിക്കക്കാരൻ റോജോ തൃശൂർ റൂറൽ എസ്.പി ഓഫീസിൽ നേരിട്ടെത്തി നൽകിയ ഒരു പരാതിയാണ് കേസിനാധാരം. വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവ പരമ്പരകളിൽ സംശയം പ്രകടിപ്പിച്ച പരാതി അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കാണ് കൈമാറിയത്.
തുടർന്ന് പരമഗോപ്യമായി നടത്തിയ അന്വേഷണത്തിൽ പരാതി മുഴുവൻ പതിരല്ലെന്ന് വ്യക്തമായി. യാതൊരു തുമ്പുമില്ലാത്ത പല കേസുകളും തെളിയിച്ച മിടുക്കുള്ള എസ്.പി സൈമൺ മുൻ വിധിയൊന്നും കൂടാതെ ഒന്നുറപ്പിച്ചു. ഒന്നുകിൽ ഒരു വമ്പൻ കേസായി ഇത് മാറാം. അല്ലെങ്കിൽ ഉള്ളിപൊളിച്ചതുപോലാകാം. എങ്കിലും അന്വേഷണത്തിനും തെളിവുശേഖരണത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസ് അന്വേഷണത്തിൽ വൈദഗ്ദ്ധ്യമുള്ളവരും വിവരങ്ങൾ ചോരാതെ പരമരഹസ്യമായി സൂക്ഷിക്കാനും കഴിവുള്ള പൊലീസുകാരുടെ ഒരു പാനൽ തയാറാക്കി. നീക്കം വിജയിച്ചാലും പരാജയപ്പെട്ടാലും കാര്യങ്ങൾ അതീവ രഹസ്യമായിരിക്കണമെന്ന എസ്.പിയുടെ നിർദേശം അന്വേഷണ സംഘം അതേപ്പടി ഉൾക്കൊണ്ടു. മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വനിതകളുൾപ്പെടെ രണ്ട് ഡസനോളം പൊലീസുകാർ. മാദ്ധ്യമങ്ങളുൾപ്പെടെ ആരോടും ഒന്നും ഷെയറുചെയ്യരുതെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മനസ്. പൊലീസ് സംഘങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സംഘത്തിനും ഓരോ ചുമതലകൾ. പൊന്നാമറ്റത്തെ വീടിനെചുറ്റിപ്പറ്റിയുള്ള രഹസ്യാന്വേഷണമായിരുന്നു ഒരു ഗ്രൂപ്പിനെങ്കിൽ ജോളിയായിരുന്നു വനിതകളുൾപ്പെട്ട മറ്രൊരു സംഘത്തിന്റെ ടാർഗറ്റ്. ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവും ഭർതൃപിതാവ് സക്കറിയയുമുൾപ്പെടെ പൊന്നാമറ്റവുമായി അടുത്തിടപഴകിയവരുടെയെല്ലാം നിഴലായി പൊലീസ് കൂടി.
വേഷം പലത് കെട്ടി
ജോളിയിലായിരുന്നു പ്രധാന സംശയം. പൊന്നാമറ്റം വീടിനും പരിസരത്തിനുമൊപ്പം ഊണിലും ഉറക്കത്തിലുമെല്ലാം ജോളി പൊലീസിന്റെ നോട്ടപ്പുള്ളിയായി. നേരം പുലരുമ്പോൾ മുതൽ രാത്രി വരെ ജോളിയുടെ ഓരോ നീക്കവും പൊലീസിന്റെ കൺവെട്ടത്തായി. ഫോൺ കോളുകൾക്കൊപ്പം യാത്രകളിലും സുഹൃത് സംഗമങ്ങളിലുമെല്ലാം ജോളിയെ അവരറിയാതെ പൊലീസ് പിന്തുടർന്നു. വീട്ടിൽ നിന്ന് രാവിലെ എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞിറങ്ങുന്ന ജോളിയെ ദിവസങ്ങളോളം വഴിനീളെ പല വാഹനങ്ങളിലായി പിന്തുടർന്ന് പഠിച്ചു. ജോളി ഓരോ ദിവസവും പുറപ്പെട്ട സമയവും സ്ഥലവുമെല്ലാം പൊലീസിന്റെ ഡയറിക്കുറിപ്പുകളായി. എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച ജോളി തട്ടിപ്പുകാരിയാണെന്ന് ഏതാനും ദിവസത്തെ അകമ്പടിയാത്രയിൽ നിന്നുതന്നെ അന്വേഷണ സംഘം ഉറപ്പിച്ചു. ജോളിയ്ക്കൊപ്പം ഷാജുവിനെയും സക്കറിയയേയുമെല്ലാം നിഴൽപോലെ പൊലീസ് പിന്തുടർന്നു. ആക്രിക്കച്ചവടക്കാരനായും വാർക്കപ്പണിക്കാരനായും കച്ചവടക്കാരായും ഇൻഷ്വറൻസ് ഏജന്റുമാരായുമെല്ലാം സംശയാലുക്കളോടും നാട്ടുകാരോടും അടുത്തിടപെട്ടു. വാർക്കപ്പണിയ്ക്കും ഇൻഷ്വറൻസ് ക്യാൻവാസിംഗിനുമിടയിൽ സംശയം തോന്നാത്തവിധം പൊന്നാമറ്റം തറവാടിനെയും ജോളിയെ പറ്റിയുള്ള വിവരങ്ങളും നാട്ടുകാരിൽ
നിന്ന് കുറേശെ ചോർത്തി.
എൻ.ഐ.ടിയിലേക്കൊരു നോട്ടം
ചീറ്റിംഗ് കേസുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് ജോളി എൻ.ഐ.ടിയിൽ ജോലി ചെയ്യുന്നില്ലെന്ന് അവിടന്ന് സാക്ഷ്യപത്രം വാങ്ങി. നിരന്തര അന്വേഷണത്തിനൊടുവിലാണ് ജോളി അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസിലായത്. അത് ഉറപ്പിക്കാനായിരുന്നു അവിടെ നിന്നുള്ള സാക്ഷ്യപത്രം. വ്യാജ ഒസ്യത്ത് തയാറാക്കിയവരെയും ഒപ്പിട്ടവരെയും കണ്ടെത്തി ഒസ്യത്തിനെപ്പറ്റി അന്വേഷിക്കാനുള്ള റവന്യൂസംഘമെന്ന പേരിൽ സ്വത്ത് തട്ടിപ്പിന്റെ കഥകൾ ചോർത്തി. ഒപ്പ് ഒറിജിനലാണോയെന്ന് അറിയാൻ സാക്ഷികളായി ഒപ്പിട്ടവരെ കണ്ട് കാര്യങ്ങൾ അനുനയത്തിൽ ചോദിച്ചറിഞ്ഞു. അയൽക്കാരും വീട്ടുജോലിക്കാരുമുൾപ്പെടെ പലരിൽ നിന്നുമായി പൊന്നാമറ്റത്തെ പുറം ലോകം അറിയാത്ത രഹസ്യങ്ങൾ പലതും പലപ്പോഴായി പൊലീസിന്റെ കാതിലെത്തി. പൊന്നാമറ്റത്തെ ഗൃഹനാഥയായിരുന്ന അന്നമ്മ മുതൽ സിലിവരെയുള്ളവരുടെ അപമൃത്യുവിന്റെ വിവരങ്ങളും കൂട്ടമരണങ്ങളിലൊന്നിൽപോലും വിഷാദമില്ലാതെ പുനർവിവാഹം ചെയ്ത ജോളിയുടെ ജീവിതവുമെല്ലാം കൂട്ടിവായിച്ചു. അങ്ങനെ മരണങ്ങളിലെ ഇണങ്ങുന്ന കണ്ണിയെ കൂട്ടിച്ചേർത്തു.
വിലങ്ങിലേക്ക്..
മരണങ്ങൾ ഉറപ്പാക്കിയ സ്വകാര്യ ആശുപത്രിയിലെ പഴയ ജീവനക്കാരെ കണ്ട് മരണപ്പെട്ട ഓരോരുത്തരും പ്രകടിപ്പിച്ച ലക്ഷണങ്ങളും ആശുപത്രിയിലെത്തിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ ഭാവപ്രകടനങ്ങളും മനസിലാക്കി. അങ്ങനെ ഒടുവിൽ ഒരു തീരുമാനത്തിലെത്തി. സംഭവകഥയിലെ വില്ലത്തി ജോളിതന്നെ! അതോടെയാണ് കല്ലറകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. അതോടെ ജോളിയുടെ പരിഭ്രാന്തി വെളിവായി. അതും രഹസ്യനീക്കത്തിലൂടെ പൊലീസ് മനസിലാക്കി. ഇനിയും കാര്യങ്ങൾ വൈകിപ്പിച്ചാൽ കൈവിട്ടുപോകുമെന്ന് മനസിലാക്കിയതോടെ ജോളിയുടെ കൈകളിൽ വിലങ്ങുവയ്ക്കാനുള്ള തീരുമാനമെടുത്തു.. അതോടെ അതുവരെ രഹസ്യമാക്കി വച്ച സംഗതി കേരളത്തിൽ വലിയ കോളിളക്കമായി കത്തിപ്പടർന്നു.