1

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം ജന്മവാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി പത്രാധിപർ കെ. സുകുമാരന്റെ നാമധേയത്തിൽ വൃക്ഷത്തൈ നട്ടു. പേട്ട കെ. സുകുമാരൻ സ്‌മാരക പാർക്കിൽ കേരളകൗമുദി ഡയറക്‌ടർ ലൈസ ശ്രീനിവാസൻ, പേട്ട സി.ഐ കെ.ആർ. ബിജു എന്നിവർ ചേർന്നാണ് മാവിൻതൈ നട്ടത്. കേരളകൗമുദി ഡയറക്ടർ ഷൈലജ രവി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്. സാബു, ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഗോപകുമാർ, സി.പി.ഒ ശ്യാം, അദ്ധ്യാപകരായ അജയൻ, ആശ, പി.ടി.എ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
പേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. വൃക്ഷത്തൈ നട്ടതിന്റെ വാർഷിക ദിനത്തിലും പത്രാധിപരുടെ ജന്മവാർഷികത്തിലും ചരമ ദിനത്തിലും വിദ്യാർത്ഥികളെത്തി വൃക്ഷ വന്ദനം നടത്തുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

'മണ്ണ് മനുഷ്യന്റേത് മാത്രമല്ല, സർവചരാചരങ്ങളുടേതും കൂടിയാണ്" എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തൊട്ടാകെ പ്രശ‌സ്തരായ വ്യക്തികളുടെ നാമധേയത്തിൽ അവരുടെ വസതിയിലും കർമ്മ മണ്ഡലങ്ങളിലുമാണ് 10 ലക്ഷം വൃക്ഷത്തൈ നടുന്നത്.