തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചാൽ ശക്തമായ നടപടിയുണ്ടാവുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
സമുദായ സംഘടനകൾ തിരഞ്ഞെടുപ്പിൽ പരിമിതികൾക്കുള്ളിൽ നിന്ന് രാഷ്ട്രീയം കളിക്കണം. സ്വതന്ത്രവും നീതിപൂർവവും നിഷ്പക്ഷവുമായിരിക്കണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. അപ്രിയ തീരുമാനങ്ങൾ ചിലപ്പോൾ എടുക്കേണ്ടിവരുമെന്നും പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
ജാതി പറഞ്ഞ് വോട്ടുപിടിച്ചതായി പരാതി കിട്ടിയാൽ പരിശോധിച്ച് നടപടി സ്വീകരിക്കും. എൻ.എസ്.എസിന്റെ സമദൂരം വളരെ ശരിയായിരുന്നു. അത് ശരിദൂരമാക്കിയപ്പോഴാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളുണ്ടാവാൻ പാടില്ല. ജാതിയും മതവും പറഞ്ഞ് യുദ്ധഭൂമിയാക്കാൻ ശ്രമിക്കരുത്. പെരുമാറ്റച്ചട്ടം എല്ലാവർക്കും ബാധകമാണ്. രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്. അല്ലാതെ ജാതി തിരഞ്ഞെടുപ്പല്ല. ശബരിമല പറയുന്നതിൽ തെറ്റില്ല. എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുപിടിക്കാൻ പാടില്ല. കൃഷ്ണനായാലും അയ്യപ്പനായാലും തിരഞ്ഞെടുപ്പിലേക്ക് ദൈവങ്ങളെ കൊണ്ടുവരേണ്ടതില്ല. ഇത് കലിയുഗമാണ്. ദൈവങ്ങളെയും നമുക്ക് രക്ഷിക്കേണ്ടതുണ്ട്.
വട്ടിയൂർക്കാവിൽ 257 ഇരട്ടവോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും. 15,000 ഇരട്ടവോട്ടെന്ന കെ. മുരളീധരന്റെ അഭിപ്രായം ശരിയല്ല. അല്ലെങ്കിൽ അദ്ദേഹം അത് ചൂണ്ടിക്കാട്ടട്ടെ. വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാൻ ഒന്നിലധികം തവണ അപേക്ഷ നൽകുന്നത് കുറ്റകരമാണ്. വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ ബൂത്ത് തല ഏജന്റുമാരെ നിയോഗിക്കാൻ രാഷ്ട്രീയ പാർട്ടികളും തയ്യാറാവണം. ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ പ്രക്രിയയായി മാറാൻ പാടില്ല. ഈ ഉപതിരഞ്ഞെടുപ്പിൽ 140 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഉണ്ടാവും. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.
യു.പി.എസ്.സിയുടെ പ്രവർത്തനങ്ങൾ സുതാര്യവും സത്യസന്ധവുമാണെന്നും, അതുകൊണ്ടാണ് തന്നെപ്പോലുള്ളവർക്ക് കേരളത്തെ സേവിക്കാൻ കഴിയുന്നതെന്നും ചോദ്യത്തിന് മറുപടിയായി മീണ പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാധാകൃഷ്ണൻ മീണയ്ക്ക് ഉപഹാരം നൽകി.