നേമം: പ്രാവച്ചമ്പലം കാേൺവെന്റ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് ഉപരോധിച്ചു. പൊട്ടി പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ കുടുംബന്നൂർ ഭാഗത്തേയ്ക്ക് തിരിയുന്ന സ്ഥലത്ത് നടന്ന ഉപരോധത്തിൽ നൂറോളം നാട്ടുകാർ പങ്കെടുത്തു. നാട്ടുകാർ റോഡിന് കുറുകെ കയർ കെട്ടി ഗതാഗതം തടയുകയായിരുന്നു. വിവരം അറിഞ്ഞ് നേമം പൊലീസും കല്ലിയൂർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സരമസമിതി പ്രവർത്തകരുമായി അനുരഞ്ജന ചർച്ച നടത്തി. റോഡ് പണി ഇന്നലെ തന്നെ ആരംഭിക്കാം എന്ന പഞ്ചായത്ത് അധികൃതരുടെ (എ.ഇ) ഉറപ്പിൻമേലാണ് സമരം അവസാനിച്ചത്. റോഡിന്റെ പണി ഉപരോധനം നടത്തി 1 മണിയ്ക്കൂറിനുളളിൽ തന്നെ ആരംഭിക്കുകയും ചെയ്തു. കോൺവെന്റ് റോഡ് സമര സമിതി കൺവീനർ സനൽകുമാർ, രാമചന്ദ്രൻ, മനോഹരൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി
കഴിഞ്ഞ 8 മാസത്തോളമായി റോഡിന്റെ ശോചനീയാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിൽ ഫലം കാണാത്തതിനെ തുടർന്നാണ് ഇന്നലെ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ 7 മാസങ്ങൾക്ക് മുമ്പ് റോഡിന്റെ അറ്റകുറ്റ പണികൾക്കായി പഞ്ചായത്ത് 3.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് റോഡ് ഇടിച്ചു നിരത്തി. റോഡിന്റെ മധ്യഭാഗത്തായി വെളളം കെട്ടി നിറുത്തുക എന്ന ലക്ഷ്യത്തോടെ 3 വൻ കുഴികൾ എടുത്ത ശേഷം റോഡിൽ ലെവലിൽ നിന്നും ഉയർത്തി 3 സ്ലാബുകളും സ്ഥാപിച്ചു. ഇത് സ്ഥിരം അപകടങ്ങൾ വരുത്തുന്നതായും നാട്ടുകാർ പറയുന്നു. ഇപ്പോൾ പ്രതിഷേധം ശക്തമായപ്പാൾ വീണ്ടും 4.99 ലക്ഷം രൂപ അനുവദിച്ചാണ് ഇന്നലെ വീണ്ടും പണി ആരംഭിച്ചത്. ഇന്നലെ അടിയന്തരമായി എ.ഇ കോൺട്രാക്ടറെ വിളിച്ചു വരുത്തി പണി ആരംഭിക്കുകയായിരുന്നു.