കല്ലമ്പലം: നാറാണത്ത്ചിറയ്‌ക്ക് സമീപത്തെ പൊതുവഴിയിൽ സ്വകാര്യവ്യക്തി കല്പടവുകൾ നിർമ്മിച്ച് ഗതാഗതം തടസപ്പെടുത്തിയത് പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യം. ദേശീയപാതയിൽ നിന്നും തുടങ്ങുന്ന ഏറത്തു ഇടവഴിയിലാണ് വർഷങ്ങൾക്ക് മുമ്പ് അനധികൃതമായി സ്വകാര്യവ്യക്തി കല്പടവുകൾ നിർമ്മിച്ചത്. നാറാണത്തുകോണം കോമല്ല ഏലായിലെ കൃഷിക്കുള്ള സാധന - സാമഗ്രികൾ ഇതുവഴിയാണ് കൊണ്ടുപോകുന്നത്. വഴിയുടെ കൂടുതൽ ഭാഗവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്‌തിട്ടുണ്ട്. തുടർന്നുള്ള ഭാഗമാണ് സ്വകാര്യവ്യക്തി കൈയേറിയത്. ഇതോടെ റോഡ് സഞ്ചാരയോഗ്യമല്ലാതായി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കരവാരം വില്ലേജ് ഓഫീസർ, ജലസേചന വകുപ്പ് അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പൊതുവഴി പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.