എതിരാളിയെ തോല്പിക്കാൻ അന്തിച്ചന്തയിൽ കവലച്ചട്ടമ്പികൾ പയറ്റുന്ന അടവ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഉന്നതന്മാരും സ്വീകരിക്കാൻ തുടങ്ങിയാൽ എവിടെച്ചെന്ന് നിൽക്കുമെന്നോർത്ത് അന്ധാളിച്ചു നിൽക്കുകയാണ് സാധാരണ ജനങ്ങൾ. കേട്ടിരിക്കുന്നവർക്കും കണ്ടുനിൽക്കുന്നവർക്കും രസിക്കാൻ ഏറെയുള്ള കാര്യങ്ങളാണ് നേതാക്കളുടെ വായിൽ നിന്നു വാർന്നു വീഴുന്നതെന്നതു ശരിതന്നെ. എന്നാൽ അങ്ങേയറ്റം ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവർ മാദ്ധ്യമങ്ങൾ മുമ്പാകെ വിളമ്പുന്ന ആരോപണങ്ങൾ സാങ്കല്പികവും കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതുമാണെങ്കിൽ ബൂമറാങ്ങിനെപ്പോലെ തിരിച്ചടിക്കുമെന്ന് ആരോപണ കർത്താക്കൾ ഓർക്കേണ്ടതുണ്ട്.
എം.ജി സർവകലാശാലയിൽ നടന്ന ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കൂടി ഇടപെട്ട മാർക്ക്ദാന വിവാദം കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. തനിക്കുനേരെ ഏതാനും ദിവസങ്ങളായി ഉയർന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കിണഞ്ഞു ശ്രമം നടത്തുന്ന മന്ത്രി കെ.ടി. ജലീൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രയോഗിച്ച ഒളിയമ്പ് ഇതിനകം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. 2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ പ്രതിപക്ഷ നേതാവിന്റെ പുത്രന് ഉയർന്ന റാങ്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പേര് പറയാതെയാണെങ്കിലും മന്ത്രി ജലീൽ കാസർകോട്ട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത് .സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആളെക്കാൾ പ്രതിപക്ഷ നേതാവിന്റെ പുത്രന് അഭിമുഖത്തിൽ മുപ്പതുമാർക്ക് കൂടുതൽ കിട്ടിയത് ലോബിയിംഗിലൂടെയാണെന്ന ധ്വനിയാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്. തന്നെ നേരിടാൻ തന്റെ പുത്രനെതിരെ ഇത്തരം വിലകുറഞ്ഞ അപവാദ പ്രചാരണത്തിന് മന്ത്രിപദം വഹിക്കുന്ന നേതാവ് മുതിരരുതായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് ഉടനേ പ്രതികരിക്കുകയും ചെയ്തു. അധാർമ്മികമായ ചെയ്തികളുടെ പേരിൽ മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുക സർവസാധാരണമാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക എന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. തനിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പക്വതയുള്ള നേതാക്കൾ അത് ഉന്നയിച്ചവരുടെ വീട്ടുകാരെക്കുറിച്ച് ദു:സൂചന കലർന്ന പരാമർശങ്ങൾക്കു മുതിരാറില്ല. ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒട്ടും പതിവില്ലാത്ത കാര്യവുമാണത്. യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഘടനയും ഉന്നതനിലവാരവും കാർക്കശ്യവും അറിയാവുന്ന ആരും തന്നെ പരീക്ഷയുടെ വിശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുകയില്ല. റാങ്ക് പട്ടികയിൽ ഇരുനൂറ്റി പത്താമനായി വന്നിട്ടും ഐ.എ.എസ് ലഭിച്ചില്ലെന്നതിൽ നിന്നുതന്നെ മന്ത്രി ജലീൽ ആരോപിക്കും പോലെ പ്രതിപക്ഷ നേതാവിന്റെ ലോബിയിംഗ് ഫലിച്ചില്ലെന്നല്ലേ മനസിലാക്കേണ്ടത്. അത്രയേറെ സാമർത്ഥ്യവും സ്വാധീന ശക്തിയുമുണ്ടായിരുന്നെങ്കിൽ മകന് ഐ.എ.എസ് തന്നെ ലഭ്യമാകുമായിരുന്നല്ലോ എന്ന സംശയവും ശേഷിക്കുകയാണ്. അങ്ങേയറ്റം നിഷ്പക്ഷവും നീതിപൂർവകവും സുതാര്യവുമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ സംശയം ജനിപ്പിക്കാൻ മാത്രമേ മന്ത്രി ജലീലിന്റെ ദു:സൂചന കലർന്ന വാക്കുകൾ സഹായിച്ചിട്ടുള്ളൂ എന്നതു തീർച്ചയാണ്. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഒരു മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത അപമാനകരവും നിന്ദ്യവുമായ പരാമർശങ്ങളാണുണ്ടായിരിക്കുന്നത്. രാഷ്ട്രീയ ഗോദയിൽ അടികൊണ്ടു വീണു കിടക്കുമ്പോൾ പതിനെട്ടാമത്തെ അടവെന്ന നിലയിലായിരിക്കാം പ്രതിപക്ഷ നേതാവിന്റെ പുത്രനെതിരെയുള്ള വിഷമുന വച്ച ആരോപണ ശരം. ഇതുകൊണ്ടൊന്നും താൻ ചെന്നു പെട്ടിരിക്കുന്ന വിവാദങ്ങളുടെ പടുകുഴിയിൽ നിന്ന് അത്രയെളുപ്പം അദ്ദേഹത്തിനു കരകയറാൻ എളുപ്പമാണെന്ന് തോന്നുന്നില്ല. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് തെളിവുകളോടെയുള്ള ആരോപണങ്ങളുമായാണ് പ്രതിയോഗികൾ ചുറ്റും നിരന്നിട്ടുള്ളത്.
സംസ്ഥാന രൂപീകരണത്തിനുശേഷം നിലവിൽ വന്നിട്ടുള്ള എല്ലാ സർക്കാരിന്റെ കാലത്തും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പലർക്കുമെതിരെ അന്വേഷണവും നടന്നിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ പ്രതികൂലമായ സാഹചര്യങ്ങളിൽ രാജിവച്ച് പുറത്തു പോകേണ്ടിവന്നവരും നിരവധിയാണ്. രാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണ കാര്യങ്ങൾ മാത്രം. ആരോപണമുയരുമ്പോൾ അത് ധീരമായിത്തന്നെ നേരിടുന്നതിലാണ് ആർജവം. അല്ലാതെ ആരോപണം ഉന്നയിക്കുന്നവരുടെ വീട്ടിലിരിക്കുന്നവരെക്കുറിച്ച് ഇല്ലാക്കഥകൾ വിളിച്ചു പറയുന്നത് രാഷ്ട്രീയ വൈഭവമോ മിടുക്കോ ആയി കരുതാനാവില്ല. ദുരുപദിഷ്ടമായ ഇത്തരം സമീപനം ഉത്തരവാദിത്വവും മാന്യതയുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഒട്ടും തന്നെ യോജിച്ചതുമല്ല. പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ദു:സൂചന കലർന്ന അപവാദ പ്രചാരണം നടത്തിയതിന് കുറഞ്ഞപക്ഷം മന്ത്രി ജലീൽ ഖേദപ്രകടനമെങ്കിലും നടത്തേണ്ടതാണ്.