icdpkettidam

മുടപുരം: കാൽനൂറ്റാണ്ട് മുൻപ് ചിറയിൻകീഴ് കയർ പ്രോജക്ടിലെ ഒന്നാം സ്ഥാനത്ത് നിന്ന അഴൂർ കയർസംഘം തൊഴിലാളികളില്ലാതെ ബുദ്ധിമുട്ടുന്നു. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ സംഘത്തിന്റെ കെട്ടിടങ്ങൾ പുനരുദ്ധരിക്കാത്തതും തുറന്ന പറമ്പിൽ വെയിലും മഴയുമേറ്റ് കയർ പിരിക്കണമെന്നുള്ള ദുരവസ്ഥയുമാണ് തൊഴിലാളികളെ പിന്നോട്ടടിക്കുന്ന ഒരു കാരണം.
1960 ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിന് അഴൂർ കടവ് പാലത്തിനു സമീപം കായംകുളം കായലിനു അരികെ ഒരേക്കർ പതിമൂന്ന് സെന്റ് വസ്തുവുണ്ട്. കയർപിരി യൂണിറ്റ്, തൊണ്ട് തല്ല്, ചകിരി പിന്ന് ഷെഡ്, ഐ.സി.ഡി.പി കെട്ടിടം, കയർസൂക്ഷിപ്പ് ഗോഡൗൺ എന്നിവ ഇവിടെ നിലകൊള്ളുന്നു. കൂടാതെ പച്ചത്തൊണ്ട് പൂഴ്ത്താൻ ആവശ്യമായ ഒരേക്കർ കായൽ വട്ടവും സ്വന്തമായുണ്ട്. 1975 മുതൽ 30 റാട്ടുകളിലായി കയർ പിരി യൂണിറ്റ് ആരംഭിക്കാനായി. എന്നാൽ ഇന്ന് 7 റാട്ടുകളിൽ മാത്രമേ കയർപിരി നടത്താൻ ആവുന്നുള്ളൂ. പച്ചതൊണ്ടിന്റെ വരവ് സ്തംഭിച്ചതോടെ അഴുക്കൽ തൊണ്ടിന് പുറമെ കെട്ടു ചകിരിയെ കൂടി ആശ്രയിച്ചാണ് പണി നടത്തുന്നത്. ഗുണമേന്മയുള്ള അഞ്ചുതെങ്ങ് സ്‌പെഷ്യൽ നേർമ്മ കയറാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

നിലവിലുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുകയും ശാസ്ത്രീയമായ യന്ത്രവത്കൃത റാട്ടുകൾ സ്ഥാപിച്ച് അതിൽ തൊഴിലാളികൾക്ക് പരിശീലനം നടത്തുകയും ചെയ്താൽ ഇന്നത്തേതിന്റെ രണ്ട് ഇരട്ടി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. അതിനായി കയർസംഘം വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി ചിറയിൻകീഴ് കയർ പ്രൊജക്റ്റ് ഓഫീസ് വഴി കയർ വികസന ഡയറക്ടർക്ക് നൽകിയിരിക്കുകയാണ്. ഇത് അംഗീകരിച്ച് സഹായം ലഭിച്ചാൽ നൂറിലേറെ തൊഴിലാളികൾക്ക് ഇവിടെ പണി എടുക്കാൻ കഴിയും.