തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കെ, ജാതി സമവാക്യങ്ങളെ ചൊല്ലിയുള്ള പോരിലാണ് മുന്നണികൾ. എൻ.എസ്.എസ് നേതൃത്വത്തിന്റെ ശരിദൂര പ്രഖ്യാപനത്തോടെയാണ് രാഷ്ട്രീയ വിഷയങ്ങൾ ജാതീയതയിലേക്ക് വഴിമാറിയത്. ജി. സുകുമാരൻ നായരുടെ ശരിദൂര പ്രഖ്യാപനത്തിന് പിന്നാലെ, വട്ടിയൂർക്കാവിൽ സംഘടനാ നേതൃത്വം യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിനിറങ്ങിയതും കോന്നിയിൽ യു.ഡി.എഫിന് അനുകൂലമായി ലഘുലേഖ വിതരണം ചെയ്തതും വൻ ചർച്ചയായി.
ശരിദൂര പ്രഖ്യാപനത്തിന് ശേഷവും എൻ.എസ്.എസിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ച ഇടത് നേതൃത്വം പക്ഷേ ഇന്നലെ രൂക്ഷ വിമർശനം തന്നെ നടത്തി. എൻ.എസ്.എസിന്റെ വട്ടിയൂർക്കാവിലെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തതോടെ ഇനി വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് സി.പി.എം നൽകിയത്.
എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. സർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് വെള്ളാപ്പള്ളി. പാലായിലെന്ന പോലെ, എസ്.എൻ.ഡി.പി യോഗത്തിന്റെ അകമഴിഞ്ഞ പിന്തുണ അരൂരിലും കോന്നിയിലുമടക്കം പ്രതീക്ഷിക്കുന്നുണ്ട് എൽ.ഡി.എഫ്. അതിനെ ഉത്തേജിപ്പിക്കാൻ പോന്നതായി വെള്ളാപ്പള്ളിയുടെ പ്രതികരണം.
അതിനിടെ, കോന്നിയിൽ ഇടത്, വലത് കേന്ദ്രങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗം ബി.ജെ.പിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത് മറ്റൊരു വഴിത്തിരിവായി. പൊതുവേ യു.ഡി.എഫിനെ തുണയ്ക്കുന്ന ഓർത്തഡോക്സ് സഭാ വിഭാഗത്തിൽ നിന്ന് ഇങ്ങനെയൊരു ചുവടുമാറ്റം നേതൃത്വത്തിന് അപ്രതീക്ഷിതമായി. ഓർത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ ഇടതും പ്രതീക്ഷിക്കുന്നുണ്ട്.
ശബരിമല യുവതീപ്രവേശന വിവാദം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രധാന ആയുധമാക്കിയിരുന്നെങ്കിൽ ഇത്തവണ അത് യു.ഡി.എഫാണ് നന്നായി ഉപയോഗിച്ചത്. ശബരിമല വിഷയമുയർത്തിയാണ് എൻ.എസ്.എസ് ഇടതിനും ബി.ജെ.പിക്കുമെതിരെ രംഗത്ത് വന്നത്. അതിനാൽ ബി.ജെ.പിക്ക് ഇക്കുറി അവിടെ പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. എങ്കിലും വിശ്വാസികൾക്കൊപ്പം തങ്ങളാണെന്ന് സ്ഥാപിക്കാനവർ കൊണ്ടുപിടിച്ച ശ്രമം നടത്തി.
രാഷ്ട്രീയ, ജനകീയ വിഷയങ്ങൾ പ്രചാരണഗോദയിൽ നിന്ന് വഴിമാറിപ്പോയെങ്കിലും മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവും മന്ത്രി ജലീലും തമ്മിലെ വാക്പോര് പ്രചാരണത്തിന് എരിവേകി. ചില സ്ഥാനാർത്ഥികൾക്കെതിരായ വ്യക്തിഗത പരാമർശങ്ങളും വിവാദത്തിനിടയാക്കി.
നിർണായകം ഈ സെമി
ഒന്നര വർഷത്തിനപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരു വർഷത്തിനപ്പുറം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും മുമ്പുള്ള സെമിഫൈനലെന്ന് വിലയിരുത്താവുന്ന ഉപതിരഞ്ഞെടുപ്പുകൾ മുന്നണികൾക്ക് നിർണായകമാണ്. അഞ്ചിൽ ഏക സിറ്റിംഗ് സീറ്റായ അരൂർ നിലനിറുത്തിയാൽ ഇടതിന് വലിയ നഷ്ടം പറയാനില്ലെങ്കിലും ഒന്നോ രണ്ടോ സീറ്റുകൾ അധികം നേടി ആത്മവിശ്വാസമുയർത്തുക അവരുടെ ലക്ഷ്യമാണ്.
അതേസമയം, പാലായിലുണ്ടായ ക്ഷീണം മറികടക്കേണ്ടത് യു.ഡിഎഫിന് അനിവാര്യം. അരൂർ കൂടി പിടിച്ചെടുത്ത് കാര്യങ്ങൾ തങ്ങൾക്കനുകൂലമെന്ന് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ഉടൻ നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിനും ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കേണ്ടതുണ്ട്.