തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി കണ്ടത് താഴ്ന്നുപറന്ന വിമാനമാണെന്ന് ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 10ഓടെയാണ് ക്ഷേത്രത്തിന്റെ വടക്കേനടയിൽ 'ഡ്രോൺ ' പറക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കൺട്രോൾ റൂമിലെ സി.സി ടിവിയിലൂടെ കണ്ടത്. ഉടൻ ടെമ്പിൾ കൺട്രോൾ റൂമിൽ നിന്ന് വടക്കേനടയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറി. എന്നാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഡ്രോൺ കണ്ടിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഈ ഡ്രോൺ അന്വേഷിച്ചു പരക്കംപാഞ്ഞു. പരിസരവാസികളും ഡ്രോൺ പറന്നതായി കണ്ടില്ല. സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥർ വിവരം എയർട്രാഫിക് കൺട്രോളർക്ക് കൈമാറിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി താഴ്ന്നു പറക്കുകയായിരുന്ന വിമാനമാണ് ഡ്രോണായി തെറ്റിദ്ധരിച്ചത്. വിമാനം പതിവിലും താഴ്ന്നുപറന്നതും ചുവന്ന വെളിച്ചവും തെറ്റിദ്ധരിക്കാൻ ഇടയായി. ചിത്രങ്ങളെടുക്കാനും സ്വകാര്യ വീഡിയോ ഷൂട്ടിനും മറ്റും നഗരത്തിൽ വ്യാപകമായി ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. വിമാനത്താവള പരിസരത്തെയടക്കം ഡ്രോൺ പറത്തൽ നേരത്തേ പൊലീസിന് തലവേദനയായിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായതിനാൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റും ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്.