കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ കൂട്ടായ്മയായ കെ.എം. ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. കെ.എസ്.ടി.എ മുൻ ജനറൽസെക്രട്ടറിയും സൊസൈറ്റി സെക്രട്ടറിയുമായ എം. ഷാജഹാന്റെ പിതാവ് മുഹമ്മദ് മുസ്തഫയുടെ 4-ാമത് ചരമവാർഷികത്തിന്റെ ഭാഗമായാണ് സംഭാവന വിതരണം നടന്നത്. ഷാജഹാന്റെ മാതാവ് കെ. റഹുമാബീവി പതിനായിരം രൂപ സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിലിന് കൈമാറി. ചടങ്ങിൽ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ഡി.സ്മിത, ഭരണസമിതിയംഗം അഡ്വ. ഡി. ശ്രീജ, സി .പി . എം ഏരിയാ കമ്മറ്റിയംഗങ്ങളായ എം. ഷിബു, ഇ. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കിളിമാനൂർ സോണൽ കമ്മറ്റിയായി പ്രവർത്തിക്കുകയാണ് ജയദേവൻമാസ്റ്റർ സ്മാരക സൊസൈറ്റി. കിടപ്പുരോഗികൾക്കായി നിരവധി പദ്ധതിയാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച വോളണ്ടിയർമാരുടെ സേവനം ഗാർഹിക സാന്ത്വന പരിചരണ രംഗത്ത് നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരളപിറവി ദിനത്തിൽ സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിക്കും.