4

വിഴിഞ്ഞം: സ്‌കൂൾവിട്ട സമയത്ത് ചീറിപ്പാഞ്ഞ മൂന്നംഗ സംഘത്തിന്റെ ബൈക്ക് നിയന്ത്രണംതെറ്റി വിദ്യാർത്ഥികൾക്കുമേൽ പാഞ്ഞുകയറി മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ 7 വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക്. ബൈക്ക് യാത്രികരായ മൂന്നംഗ സംഘത്തിനും പരിക്കുണ്ട്. നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലാണ് സംഭവം. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ രുക്മ, ധന്യ, രാഖി, രോജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. രോഹിത്തിന്റെ കാലിലും രുക്മയുടെ മുഖത്തും സാരമായ പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെയും ബൈക്ക് യാത്രികരായ മൂന്നംഗ സംഘത്തെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കുള്ള മൂന്നുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. രണ്ടു സ്‌കൂളുകൾ സ്ഥിതി ചെയ്യുന്ന നെല്ലിമൂട് പ്രദേശത്ത് സ്‌കൂൾ വിടുന്ന സമയങ്ങളിലും രാവിലെയും ബൈക്കുകളിൽ അഭ്യാസപ്രകടനം പതിവാണെന്ന് പരാതിയുണ്ട്. ഈ സമയങ്ങളിൽ പൊലീസിന്റെ സഹായം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.