കാട്ടാക്കട: കോട്ടൂർ അഗസ്‌ത്യവന മേഖലയിൽ ശക്തമായ മഴ തുടരുന്നു. വനത്തിലെ തോട്ടിൽ ക്രമാതീതമായി വെള്ളം കയറി. ഇന്നലെ വൈകിട്ട് കോട്ടൂർ - വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിലെ തോട്ടിനുകുറുകെയുള്ള റോഡിലൂടെ കടന്നുപോയ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേർ ചാടിരക്ഷപ്പെട്ടു. അരക്കിലോമീറ്ററോളം ഒഴുകിയ കാറിൽ നിന്നും ഡ്രൈവറെ വനത്തിനുള്ളിലെ താമസക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി. കോട്ടൂർ മാങ്കോട് സെറ്റിൽമെന്റിൽ പോയി മടങ്ങിയ കാട്ടാക്കടയിലെ അറഫാ ജൂവലറിയിലെ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒറ്റശേഖരമംഗലം സ്വദേശി റിട്ട എസ്.എ രാധാകൃഷ്ണൻ നായർ (60), ഫീൽഡ് സ്റ്റാഫുകളായ വിഴിഞ്ഞം സ്വദേശി ഷമീർ (29), പോത്തൻകോട് സ്വദേശി നാസർ (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ഷമീറും നാസറും മലവെള്ളപ്പാച്ചിൽ കണ്ട് ചാടി രക്ഷെപ്പെട്ടു. ഡ്രൈവർ രാധാകൃഷ്ണൻ നായർ കാറിനുള്ളിലുണ്ടായിരുന്നു. കാർ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാങ്കോട് സെറ്റിൽമെന്റിലെ സുനിൽകുമാർ ശക്തമായ ഒഴുക്ക് വകവയ്ക്കാതെ നീന്തി. കലുങ്കിൽ തട്ടി നിന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് രാധാകൃഷ്‌ണൻ നായരെ സുനിൽകുമാർ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നെയ്യാർഡാം എസ്.ഐ സജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കള്ളിക്കാട് ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വൈകിട്ട് ആറോടെ കാർ കരയ്‌ക്കെത്തിച്ചു.