തിരുവനന്തപുരം: വികസനരംഗത്ത് സംസ്ഥാന സർക്കാർ വൻ കുതിച്ചുചാട്ടം നടത്തിയിട്ടും ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോരയാണ് കൊതുകിന് കൗതുകമെന്ന മട്ടിലാണ് പ്രതിപക്ഷത്തിന്റെ കാര്യങ്ങളെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. വികസനത്തെപ്പറ്റി സംസാരിക്കാനില്ലാത്തതിനാൽ പ്രതിപക്ഷം നായർ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയിലെ ഇരട്ടത്താപ്പ് തുടർന്നും പള്ളിമേടകൾ കയറിയിറങ്ങിയും ഉണ്ടയില്ലാ വെടികൾ പൊട്ടിക്കുകയാണെന്നും വട്ടിയൂർക്കാവിലെ ഇടതുസ്ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കുറവൻകോണത്ത് ഉദ്ഘാടനം ചെയ്ത് വി.എസ് പറഞ്ഞു.

ജനകീയപ്രശ്നങ്ങൾ ചർച്ച ചെയ്യാനില്ലാത്തതിനാൽ സാമുദായികമായും വർഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയോട് ചേർന്ന് അവരുടെ അജൻഡകൾക്ക് വേണ്ടി സംസാരിക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനെക്കുറിച്ച് ഏറെ ചർച്ച ചെയ്യാനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ പ്രതിപക്ഷത്തിന് അങ്ങനെയൊന്ന് ഉന്നയിക്കാനില്ല. കേരളത്തിന് ദുരന്ത സഹായങ്ങൾ ലഭിക്കാൻ ഇടയുണ്ടെന്ന് മനസിലാക്കി അതിന് തടസം സൃഷ്ടിച്ചവരാണ് ബി.ജെ.പിക്കാർ. ആ ബി.ജെ.പിയുടെ വാലിൽ തൂങ്ങിയാണ് ഇപ്പോൾ യു.ഡി.എഫിന്റെയും നടപ്പ്. ഇവർക്കൊന്നും കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല.

പകർച്ചപ്പനി ഉണ്ടായപ്പോൾ സർക്കാരിന്റെ സമയോചിത ഇടപെടലിലൂടെ അതിനെ അതിജീവിക്കാനായി. വലിയ പ്രളയദുരന്തം ഉണ്ടായപ്പോഴും കേരളം അതിജീവിച്ചു. വികസന രംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഇക്കാലയളവിലുണ്ടായത്. തലസ്ഥാനത്തിന്റെ മേയർ എന്ന നിലയിൽ മാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് സന്നദ്ധപ്രവർത്തനത്തിൽ ഇറങ്ങിയ യുവനേതാവ് എന്ന നിലയിലും എന്നും ജനങ്ങൾക്കൊപ്പം നിലകൊണ്ട നേതാവാണ് വി.കെ. പ്രശാന്ത്. തിരുവനന്തപുരത്തെ യുവാക്കളുടെ ആവേശവും മാതൃകയുമാണ് അദ്ദേഹം. കേരളം ദുരന്തങ്ങളെ നേരിട്ട ഘട്ടങ്ങളിലൊന്നും രംഗത്ത് കാണാത്ത ചില നേതാക്കൾ ഇപ്പോൾ പ്രശാന്തിന്റെ പ്രവർത്തനങ്ങളെ വില കുറച്ചു കാണിക്കാൻ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സ്ഥിരം അടവാണിതെന്നും വി.എസ് പറഞ്ഞു.
സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്, ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, എ. സമ്പത്ത്, ജി.ആർ. അനിൽ, എ.എ. റഹീം, ആർ. സജിലാൽ, വി. സുരേന്ദ്രൻപിള്ള, ഉഴമലയ്ക്കൽ വേണഗോപാൽ, ചാന്നാംവിള മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.