mayank-kohli
mayank kohli

. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്

ഇന്ന് റാഞ്ചിയിൽ തുടക്കം

. പരമ്പര തൂത്തുവരാൻ ഇന്ത്യ, മാനം കാക്കാൻ ദക്ഷിണാഫ്രിക്ക

റാഞ്ചി : ആദ്യ രണ്ട് ടെസ്റ്റുകളിലും നേടിയ തകർപ്പൻ വിജയം ആവർത്തിക്കാൻ ഇന്ത്യ,​ ഇനിയുമൊരു ദാരുണ പരാജയത്തിന്കൂടി കെൽപ്പില്ലാതെ ദക്ഷിണാഫ്രിക്ക. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മനാടായ റാഞ്ചിയിൽ പര്യടനത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമുകൾക്ക് വിജയത്തിൽ കുറഞ്ഞൊന്നും ആലോചിക്കാനില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് വിജയങ്ങളോടെ ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞെങ്കിലും റാഞ്ചിയിലും വിജയിക്കണമെന്ന് വാശിപ്പിടിക്കുന്നതിന് പിന്നിലുള്ള കാരണം ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരമാണെന്നത് തന്നെ. ഇൗ ചാമ്പ്യൻഷിപ്പിൽ ഒാരോ വിജയവും നിർണായകമാണ്.

ഇന്ത്യയുടെ ലക്ഷ്യങ്ങൾ

1. ദക്ഷിണാഫ്രിക്കയെപ്പോലെ കരുത്തരായ ടീമിനെതിരെ 3-0ത്തിന് പരമ്പര തൂത്തുവാരുകയെന്ന വലിയ നേട്ടം.

2. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 40 പോയിന്റുകൾ കൂടി ഇൗമത്സരം ജയിച്ചാൽ ലഭിക്കും.

3. ഇപ്പോൾ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 200 പോയിന്റുമായി ബഹുദൂരം മുന്നിലുള്ള ഇന്ത്യയ്ക്ക് ഹോം സിരീസുകളിൽ തോൽവി പരമാവധി ഒഴിവാക്കേണ്ടതുണ്ട്.

4. ലോക ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനം സുരക്ഷിതമാക്കുക. ഇപ്പോൾ 115 പോയിന്റാണ്. ഒന്നാംസ്ഥാനക്കാരായ ഇന്ത്യയ്ക്കുള്ള രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 109 പോയിന്റും.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്

1.ഇൗ പര്യടനത്തിൽ ഒരു ട്വന്റി-20 യിൽ മാത്രമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചിരിക്കുന്നത്.

ടെസ്റ്റിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും തോൽവി ദാരുണമായിരുന്നു. ഇൗ സ്ഥിതിയിൽ നിന്ന് അവർക്ക് കരകയറേണ്ടതുണ്ട്.

2. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇത്രയും മോശമായ രീതിയിൽ ദക്ഷിണാഫ്രിക്ക ടെസ്റ്റ് കളിക്കുന്നത് സമീപകാലത്ത് കണ്ടിട്ടില്ല.

3.ഹാഷിം അംല, എ.ബി. ഡിവില്ലിയേഴ്സ് എന്നീ മഹാരഥൻമാരുടെ വിരമിക്കലിന് ശേഷമുള്ള പുതിയ തലമുറയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയുടേത്. തലമുറ മാറ്റത്തിന് ഫലപ്രദമായി മാർഗനിർദ്ദേശം നൽകേണ്ടിയിരിക്കുന്നു.

4. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെ പോയിന്റൊന്നും നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

40

പോയിന്റാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു ജയത്തിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലഭിക്കുക. ഇൗ പരമ്പരയിൽ ആകെ ലഭിക്കാവുന്ന 120 പോയിന്റിൽ 80 ഇന്ത്യ നേടിക്കഴിഞ്ഞു.

പരിക്കിന്റെ പണി

ആശ്വാസ വിജയം നേടാനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകുന്നത് രണ്ടുപേരുടെ പരിക്കാണ്. സ്പിന്നർ കേശവ് മഹാരാജിന്റെയും ഒാപ്പണർ എയ്ഡൻ മാർക്രമിന്റെയും.

കേശവ് രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യൻ ബൗളിംഗിനെതിരെ പൊരുതി നിൽക്കാൻ ഉശിര് കാട്ടിയ ഏക ബാറ്റ്സ്മാനാണ്. തോളിലെ പരിക്കിനെ സാരമാക്കാതെയാണ് പൂനെയിൽ കേശവ് ടീമിന്റെ ഭാരം തോളിലേറ്റിയത്. അതിനുള്ള വിലയായാണ് മൂന്നാം മത്സരത്തിൽ പുറത്തിരിക്കേണ്ടത് വന്നത്.

മാർക്രം പൂനെയിലെ രണ്ടാം ടെസ്റ്റിലും ഡക്കായതിന്റെ അരിശം തീർക്കാൻ ഡ്രസിംഗ് റൂമിലെവിടെയോ ആഞ്ഞടിച്ചതാണ്. കൈയ്ക്ക് പൊട്ടലേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

കേശവ് മഹാരാജിന് പകരം ഡേൽ പീറ്റും മാർക്രമിന് പകരം സുബയ്‌ർ ഹംസയും കളിക്കാനിറങ്ങും.

സാദ്ധ്യത ഇലവനുകൾ

ഇന്ത്യ

മായാങ്ക് അഗർവാൾ, രോഹിത് ശർമ്മ, ചേതേശ്വർ പുജാര, വിരാട് കൊഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്രജഡേജ, വൃദ്ധിമാൻ സാഹ, ആർ . അശ്വിൻ, ഇശാന്ത്/ഉമേഷ്/കുൽദീപ് , ഷമി.

ദക്ഷിണാഫ്രിക്ക

ഡീൻ എൽഗാർ, സുബൈർ ഹംസ, തെയുനിസ് ഡി ബ്രുയാൻ, ഡുപ്ളെസി,​ ടെംപ ബൗമ, ക്വിന്റൺ ഡി കോക്ക്, മുത്തുസ്വാമി, ഫിലാൻഡർ, നോർജേ/എൻഗിഡി, പീറ്റ്, റബാദ

പിച്ച്

2017ൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരമായിരുന്നു റാഞ്ചിയുടെ ടെസ്റ്റ് വേദിയായുള്ള അരങ്ങേറ്റം. അന്ന് ബാറ്റിംഗിനെ അതിരറ്റ് തുണച്ചു. പിച്ച് ഇത്തവണയും അത് പ്രതീക്ഷിക്കുന്നു. രണ്ടുദിവസങ്ങൾക്ക് ശേഷം മഴയുണ്ടാകാൻ സാധ്യത.

ഇൗ മത്സരം മാനസികമായ ഒരു വലിയ വെല്ലുവിളിയാണ്. ആദ്യ രണ്ട് തോൽവികൾ ഞങ്ങളെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഒരാഴ്ചകൂടി കഴിഞ്ഞാൽ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് ആശ്വസിക്കുന്ന ടീമിനെയാണ് വിജയത്തിലേക്ക് നയിക്കേണ്ടത്. ഇത് ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ മത്സരമായതിനാൽ വിജയം അത്യന്താപേക്ഷിതമാണ്.

ഫാഫ് ഡുപ്ളെസി

ദക്ഷിണാഫ്രിക്ക ക്യാപ്ടൻ

എല്ലാ മത്സരത്തിലും ബാറ്റിംഗിലും കീപ്പിംഗിലും ടീമിന് സംഭാവന നൽകണമെന്ന ആഗ്രഹമുണ്ട്. റാഞ്ചിയിലെ കഴിഞ്ഞ ടെസ്റ്റിൽ ആസ്ട്രേലിയയ്ക്കെതിരെ സെഞ്ച്വറി നേടാൻ എനിക്ക് കഴിഞ്ഞിരുന്നു. ആ ഒാർമ്മകൾ നൽകുന്ന ഉൗർജ്ജമാണ് ഇപ്പോഴുള്ള കരുത്ത് അന്നത്തെ ആസ്ട്രേലിയൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്തുമായുള്ള ഉടക്കും ഒാർമ്മയിലുണ്ട്.

വൃദ്ധിമാൻ സാഹ

ഇന്ത്യൻ വിക്കറ്റ് കീപ്പർ

ടിവി ലൈവ്: രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ