കാട്ടാക്കട: കോട്ടൂർ വനത്തിനകത്ത് മൂന്നാറ്റുമുക്കിൽ ഒഴുക്കിൽപ്പെട്ട കാറിൽ നിന്നു ഡ്രൈവറെ രക്ഷിച്ച യുവാവ് മാതൃകയായി. കോട്ടൂർ-വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിൽ തോട്ടിന് കുറുകെയുള്ള റോഡിലൂടെ കടന്നുപോയ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. രണ്ടുപേർ ചാടി രക്ഷപ്പെട്ടു. തുടർന്ന് അരക്കിലോമീറ്ററോളം ഒഴുകിയ കാറിൽ നിന്നും ഡ്രൈവറായ റിട്ട. എസ്.ഐ രാധാകൃഷ്ണൻ നായരെ ബൈക്കിൽ വന്ന കോട്ടൂർ പറക്കോണം സ്വദേശിയും വനത്തിനുള്ളിലെ താമസക്കാരനുമായ സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാർ മലവെള്ളപ്പാച്ചിലിൽ തോട്ടിലൂടെ ഒഴുകുന്നതുകണ്ട സുനിൽകുമാർ ബുള്ളറ്റ് വെള്ളത്തിൽ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടി അടുത്ത പാലത്തിലെത്തി. കാർ അപകടത്തിൽപ്പെട്ട ഒന്നാം തോട്ടിൽ നിന്നു രണ്ടാംതോട്ടിലെ റോഡിന് കുറുകെയുള്ള കലുങ്കിൽ തട്ടി കാർ നിന്നു. ഈ സമയം സുനിൽകുമാർ ഒഴുക്ക് വകവയ്ക്കാതെ തോട്ടിലിറങ്ങി നീന്തി സാഹസികമായി കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ഒറ്റശേഖരമംഗലം സ്വദേശി റിട്ട. എസ്.എ രാധാകൃഷ്‌ണൻ നായരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
പാലത്തിൽ കയറിയപ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നുവെന്ന് രക്ഷപ്പെട്ട രാധാകൃഷ്‌ണൻ നായർ പറയുന്നു.