തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ തനിക്കും സർക്കാരിനും തെറ്റുപറ്റിയെന്ന് ഉപതിരഞ്ഞെടുപ്പ് പോളിംഗ് ദിവസത്തിനു മുമ്പ് പിണറായി വിജയൻ സമ്മതിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു ഭയന്ന് ശബരിമലയിൽ തെറ്റുപറ്റിയെന്ന് കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചിരുന്നു. തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞില്ലെങ്കിൽ സമ്പൂർണ തോൽവിയാണ് എൽ.ഡി.എഫിനെ കാത്തിരിക്കുന്നത്. തുടർഭരണം കിട്ടിയാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി പാർലമെന്റിലും കോടതിയിലും പോരാടുമെന്ന് കേരളത്തിൽ വന്നു പ്രസംഗിച്ച നരേന്ദ്ര മോദി ഭരണം കിട്ടിയിട്ട് എന്തു പോരാട്ടമാണ് നടത്തിയത്?. അതുകൊണ്ട് വിശ്വാസത്തിന്റെ പേരു പറഞ്ഞ് വോട്ട് പിടിക്കാൻ ബി.ജെ.പിക്ക് ധാ‌ർമ്മികതയില്ല. മോദിയും അമിത് ഷായും ആർ.എസ്.എസും ചേർന്ന് ഇന്ത്യയെന്ന ആശയത്തെ കൊന്നു കുഴിച്ചു മൂടുകയാണ്. മോദിക്കും പിണറായിക്കുമുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ആന്റണി പറഞ്ഞു.