കാട്ടാക്കട: കാട്ടാക്കടയിലും പരിസരങ്ങളിലും മോഷണം വ്യാപകമായതോടെ പണവും സാധനങ്ങളും നഷ്ടപ്പെടുമെന്ന ഭയത്തിൽ ഉറക്കം നഷ്ടപ്പെട്ട് കാട്ടാക്കടയിലെ വ്യാപാരികൾ. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മോഷണം നടന്നത് 17 ലധികം കടകളിലാണ്. വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും നഷ്ടമായി. മോഷണം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമാണ്. അടുത്തടുത്ത ദിവസങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. മോഷണം തുടർക്കഥയായതോടെ കാട്ടാക്കട പൊലീസും അന്വേഷണത്തിന് ബുദ്ധിമുട്ടുകയാണ്.
കാട്ടാക്കട മാർക്കറ്റിന് സമീപവും കാട്ടാക്കട ചൂണ്ടുപലക മുതൽ പ്ലാവൂർ വരെയുള്ള പത്തോളം കടകളിലും മോഷണം നടന്നു. ഇവിടെ മലക്കറിക്കടയിൽ ഉൾപ്പടെയാണ് മോഷണം നടന്നത്. പൂവച്ചൽ യു.പി.എസിന് സമീപം മുളമൂട് എന്നിവിടങ്ങളിൽ മുറുക്കാൻ കടകളിലും അവസാനമായി മംഗലയ്ക്കലിൽ തുണിക്കടയിലും മോഷണം നടന്നു. കാട്ടാക്കടയിൽ ഷാജഹാന്റെയും അബ്‌ദുൾ റഹ്മാന്റെയും ആക്രിക്കടകൾ, നൗഷാദിന്റെ മുറുക്കാൻ കട, റാഫിയുടെ ബിസ്മി കോഴിക്കട, അസീസിന്റെ റബർ കട, എന്നിവിടങ്ങളിൽ മോഷണവും, സമീപത്തെ ജഹാൻഷയുടെ മലഞ്ചരക്ക് കടയിൽ മോഷണ ശ്രമവും നടന്നിട്ടുണ്ട്.
മോഷണം നടക്കുന്നതിനിടെ പൂവച്ചൽ ഭാഗത്ത് വച്ച് പൊലീസ് വാഹനം കണ്ട് മോഷ്ടാവ് ഓടുകയും പിന്തുടർന്ന പൊലീസ് സംഘത്തിലെ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മോഷണ പരമ്പരയുടെ ചില സി.സി. ടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. മുഖം മൂടി ധരിച്ച് വാഹനത്തിൽ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. എല്ലാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
ഒരാൾ തന്നെയാണോ അതോ ഒരേ സംഘത്തിൽപെട്ടവരാണോ കവർച്ച നടത്തിയത് എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിനിടയിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചതായും വിവരമുണ്ട്.