തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി മുതിർന്ന നേതാവ് എ.കെ. ആന്റണി വട്ടിയൂർക്കാവിൽ. രണ്ടിടത്ത് കെ. മോഹൻകുമാറിന്റെ പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ച ആന്റണിക്ക് ഉജ്ജ്വലമായ വരവേല്പാണ് പ്രവർത്തകർ നൽകിയത്. 14ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങിയ എ.കെ. ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചരണ സമാപനം കൂടിയായിരുന്നു വട്ടിയൂർക്കാവിൽ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും ജനാധിപത്യവിശ്വാസികൾക്കും യു.ഡി.എഫ് പ്രവർത്തകർക്കും ആവേശം പകർന്നാണ് ആന്റണിയുടെ പര്യടനം വട്ടിയൂർക്കാവിൽ സമാപിച്ചത്. മണ്ഡലത്തിൽ രണ്ട് പൊതുപരിപാടികളാണ് ആന്റണിക്ക് ഉണ്ടായിരുന്നത്. കുന്നുകുഴിയിലും പേരൂർക്കടയിലും. നിശ്ചയിച്ചതിലും വൈകിയാണ് യോഗം ആരംഭിച്ചതെങ്കിലും വളരെ നേരത്തേ തന്നെ യു.ഡി.എഫ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.

കുന്നുകുഴിയിലായിരുന്നു ആദ്യയോഗം. എൻ.കെ. പ്രേമചന്ദ്രന്റെയും കെ. മുരളീധരന്റെയും പ്രസംഗം കഴിഞ്ഞതിനു പിന്നാലെയാണ് ആന്റണി വേദിയിലേക്ക് കടന്നുവന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയങ്ങൾ അക്കമിട്ട് നിരത്തിയുള്ള ആന്റണിയുടെ പ്രസംഗം ആവേശത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്.

പേരൂർക്കടയിലെ പൊതുയോഗത്തിൽ യു.ഡി.എഫ് നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കേയാണ് ആന്റണി കടന്നുവന്നത്. പ്രസംഗത്തിനിടയ്ക്ക് പൊടിതമാശകളിലൂടെ വേദി കൈയടക്കി. എം.പിമാരായ കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, പി.കെ. അബ്ദുറബ്ബ്, എം. വിൻസെന്റ്, നേതാക്കളായ എം.എം. ഹസൻ, തമ്പാനൂർ രവി, പത്മജ വേണുഗോപാൽ, സി.പി. ജോൺ, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, ജി. ദേവരാജൻ, വർക്കല കഹാർ, പാലോട് രവി, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ യോഗങ്ങളിൽ സംബന്ധിച്ചു.