ആദ്യ നാല് സീസണുകളിലും കിരീടം നേടാനായില്ലെങ്കിലും കട്ടയ്ക്ക് കൂടെനിന്നതാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകർ. എന്നാൽ കഴിഞ്ഞവർഷം അഞ്ചാംസീസണിൽ തോറ്റുതോറ്റ് തുന്നം പാടിയപ്പോൾ അവരും കൈവിട്ടു. മുമ്പൊക്കെ സൂചി കുത്താൻ ഇടം ലഭിക്കാതിരുന്ന കൊച്ചി ജവഹർ ലാൽ സ്റ്റേഡിയത്തിലെ ഗാലറികൾ കഴിഞ്ഞ സീസണിൽ ആളില്ലാതെ വിമൂകമായി. മികച്ച പ്രകടനവും വിജയവും കൊണ്ടല്ലാതെ ഫുട്ബാളിൽ ആരാധകരെ ഒപ്പം കൂട്ടാനാകില്ലെന്ന തിരിച്ചറിവിൽ വലിയ തയ്യാറെടുപ്പോടെയാണ് ആറാം സീസണിന് ബ്ളാസ്റ്റേഴ്സ് ഒരുങ്ങുന്നത്. പുതിയ നായകൻ, പരിശീലകൻ, താരങ്ങൾ തുടങ്ങി വിധി മാറ്റിക്കുറിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും മഞ്ഞപ്പട നടത്തിക്കഴിഞ്ഞു. ഇക്കുറി സൂപ്പറായില്ലെങ്കിൽ പാപ്പരാകുമെന്ന് ഉറപ്പുള്ളതിനാൽ രണ്ടും കല്പിച്ച് ആരാധീരെ കൂടെ നിറുത്താനാണ് ക്ളബ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
സച്ചിൻ ഇല്ല
കഴിഞ്ഞ സെപ്തംബറിൽ സച്ചിൻ ടെൻഡുൽക്കർ ബ്ളാസ്റ്റേഴ്സിലെ തന്റെ ഒാഹരികൾ വിറ്റിരുന്നു. തെലുങ്ക് സിനിമാതാരങ്ങളായ ചിരഞ്ജീവി, നാഗാർജ്ജുന, നിർമ്മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ്ഡ പ്രസാദ് എന്നിവരാണ് ടീം ഉടമകൾ.
പുതിയ കോച്ച്
ഹോളണ്ടുകാരനായ എൽക്കോ ഷാറ്റോറിയാണ് ഇൗ സീസണിൽ ബ്ളാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്. 1996 മുതൽ ഡച്ച് ഫുട്ബാൾ പരിശീലക രംഗത്തുള്ളയാളാണ് 48 കാരനായ ഷാറ്റോരി. കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ ക്ളബിന്റെ ചരിത്രത്തിൽ ആദ്യമായി പ്ളേ ഒാഫിൽ എത്തിക്കാൻ കഴിഞ്ഞു. 2012-14 കാലയളവിൽ പ്രയാഗ് യുണൈറ്റഡിന്റെയും 2015 ൽ ഇൗസ്റ്റ് ബംഗാളിന്റെയും കോച്ചായിരുന്നു.
പുതിയ ക്യാപ്ടൻ
മുൻ നൈജീരിയൻ ദേശീയ ടീമംഗം ബാർത്തലോമിയോ ഒഗുബച്ചെയാണ് ഇക്കുറി ബ്ളാസ്റ്റേഴ്സിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനായി ഐ.എസ്.എല്ലിൽ അരങ്ങേറി മിന്നൽ പ്രകടനം നടത്തി. 18 കളികളിൽനിന്ന് അടിച്ചുകൂട്ടിയത് 12 ഗോളുകൾ. കഴിഞ്ഞ സീസണിൽ ഹാട്രിക്കും നേടിയിരുന്നു. കോച്ച് എൽക്കോ ഷാറ്റോറിക്കൊപ്പമാണ് ഒഗുബച്ചെ ബ്ളാസ്റ്റേഴ്സിലെത്തിയിരിക്കുന്നത്. 35 കാരൻ.
മലയാളിത്തിളക്കം
ആരാധകരെ പിടിച്ചുനിറുത്തുന്നതിനായി നിരവധി മലയാളി താരങ്ങളെയാണ് ഇക്കുറി ബ്ളാസ്റ്റേഴ്സ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുവ ഇന്ത്യൻ മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദാണ് ഇക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ. വിനീതിനെപ്പോലെ മഞ്ഞപ്പടയുടെ ചങ്കിടിപ്പായി സഹലിന് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മുഹമ്മദ് റാഫിയെ വൈസ് ക്യാപ്ടനായി തിരിച്ചെത്തിച്ചിരിക്കുന്നതും ആരാധക പിന്തുണ ലക്ഷ്യമിട്ടാണ്.
നോർത്ത് ഇൗസ്റ്റിന്റെ ഗോളിയായിരുന്ന ടി.പി. രഹ്‌നേഷ്, അണ്ടർ 17, ലോകകപ്പിൽ കളിച്ച കെ.പി. രാഹുൽ, കെ. പ്രശാന്ത്, ഷിബിൻ രാജ് തുടങ്ങിയവരും സംഘത്തിലുണ്ട്.
വിദേശ പ്രമുഖർ
ക്യാപ്ടൻ ഒഗുബച്ചെയെ കൂടാതെ ഡച്ച് കാരൻ ഡിഫൻഡർ ജിയാന്നി സുയിവർ ലൂൺ, കാമറൂണുകാരൻ റാഫേൽ മെസി ബൗളി, ബ്രസീലുകാരൻ ജയ്റോ റോഡ്രിഗസ്, സെനഗലുകാരൻ മുസ്‌തഫ ഗാനിംഗ്, സ്പെയ്ൻകാരൻ സെർജിയോ ഒഡോഞ്ച എന്നിവരാണ് ടീമിലെ പ്രമുഖ വിദേശികൾ.
ഇന്ത്യൻ പെരുമ
ബിലാൽ ഖാൻ, മുഹമ്മദ് റാക്കിപ്, രാജു ഗെയ്ക്ക് വാദ്, സത്യസെൻ, ഹാളിചരൺ നർസാറി, പ്രീതംസിംഗ്, ജിക്സൺ സിംഗ്, ലാൽ റുതാര, ലാൽ മാൻ പുനിയ തുടങ്ങിയവരാണ് പ്രമുഖ ഇന്ത്യൻ താരങ്ങൾ.
ജിംഗാന് പരിക്ക്
മുൻ നായകനും പ്രതിരോധ നിരയിലെ സൂപ്പർ താരവുമായ സന്ദേശ് ജിംഗാന് പരിക്കുമൂലം കളിക്കാനാകാത്തതാണ് തിരിച്ചടി. യു.എ.ഇയിലെ പ്രീസീസൺ പരിശീലന മത്സരങ്ങൾ റദ്ദാക്കേണ്ടിവന്നതും തയ്യാറെടുപ്പിന് തിരിച്ചടിയായിരുന്നു.
ബ്ളാസ്റ്റേഴ്സ് ഫിക്‌സ്ചർ
ഒക്ടോബർ 20
Vs എ.ടി.കെ (കൊച്ചി)
ഒക്ടോബർ 24
Vs മുംബയ് (കൊച്ചി)
നവംബർ 2
Vs ഹൈദരാബാദ്
നവംബർ 8
Vs ഒഡിഷ (കൊച്ചി)
നവംബർ 23
Vs ബംഗളൂരു
ഡിസംബർ 1
Vs ഗോവ (കൊച്ചി)
ഡിസംബർ 5
Vs മുംബയ്
ഡിസംബർ 13
Vs ജംഷഡ്പൂർ (കൊച്ചി)
ഡിസംബർ 20
Vs ചെന്നൈയിൻ
ഡിസംബർ 28
Vs നോർത്ത് ഇൗസ്റ്റ് (കൊച്ചി)
ജനുവരി 5 - 2020
Vs ഹൈദരാബാദ് (കൊച്ചി)
ജനുവരി 12
Vs എ.ടി.കെ
ജനുവരി 19
Vs ജംഷഡ്പൂർ
ജനുവരി 25
Vs ഗോവ
ഫെബ്രുവരി 1
Vs ചെന്നൈയിൻ (കൊച്ചി)
ഫെബ്രുവരി 9
Vs
നോർത്ത് ഇൗസ്റ്റ്
ഫെബ്രുവരി 15
Vs ബംഗളൂരു (കൊച്ചി)
ഫെബ്രുവരി 23
Vs ഒഡിഷ