ജപ്പാനിലെ ക്യോട്ടോയിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യത്യസ്ത ക്ഷേത്രമാണ് 'ന്യാൻ ന്യാൻ ജി ' അഥവാ 'മ്യാവു മ്യാവു ഷ്രൈൻ '. പൂച്ചകളുടെ കടുത്ത ആരാധകരായിട്ടുള്ളവർ ഈ ആരാധനാലയത്തെ പറ്റി തീർച്ചയായും അറിഞ്ഞിരിക്കണം. പേരുപോലെ തന്നെ പഞ്ഞിക്കെട്ടു പോലുള്ള കാണാൻ ഭംഗിയുള്ള പൂച്ചകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. മ്യാവു മ്യാവു ഷ്രൈനിൽ എത്തുന്നവരെ കാത്തിരിക്കുന്നത് കൊയൂകി എന്ന സന്യാസി പൂച്ചയാണ്.
കൊയൂകി പൂച്ചയെ കൂടാതെ വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകൾ കൂടി മ്യാവു മ്യാവു ഷ്രൈനിലുണ്ട്. കൊയൂകിയുടെ അസിസ്റ്റന്റുമാരാണ് ഇവർ. 2016ൽ തോരു കായ എന്ന ചിത്രകാരനാണ് പൂച്ചകൾക്കായി ഇങ്ങനെയൊരു ആരാധനാലയം തുടങ്ങിയത്.
മ്യാവു മ്യാവു ഷ്രൈനിലെ സന്യാസി തലവനായ കൊയൂകി പൂച്ചയിൽ നിന്നും അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്ക് വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് ഇതിന്.
ക്ഷേത്രത്തിൽ സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ, ഗ്ലാസ്, പ്ലേറ്റ്, മേശ, കസേര.. അങ്ങനെ എവിടെ നോക്കിയാലും പൂച്ചകളുടെ പശ്ചാത്തലം കാണാൻ സാധിക്കും. പൂച്ചകളെ ആസ്‌പദമാക്കിയുള്ള നിരവധി ശില്‌പങ്ങളും പെയിന്റിംഗുകളും മറ്റ് അലങ്കാര വസ്‌തുക്കളും മ്യാവു മ്യാവു ഷ്രൈനിലുണ്ട്.