ramesh-chennithala

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താവുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. തകർന്നടിഞ്ഞ് ഊർദ്ധശ്വാസം വലിക്കുന്ന എൽ.ഡി.എഫ് കള്ളപ്രചരണവും അബദ്ധജഡിലമായ ദുഷ്‌പ്രചാരണങ്ങളും അഴിച്ചുവിടുകയാണ്. പരാജയം ഉറപ്പായതോടെ സി.പി.എം തരംതാണ വർഗ്ഗീയ കാർഡിറക്കി കളിക്കുകയാണ്. ഇതിന് ജനങ്ങൾ തിരിച്ചടി നൽകും.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യു.ഡി.എഫിനുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 123 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത് യു.ഡി.എഫാണ്. 16 ഇടത്തുമാത്രമേ എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയുള്ളൂ. ഇത് മറച്ചുവച്ചാണ് കള്ളപ്രചാരണങ്ങൾ. മൂന്നരവർഷത്തെ അഴിമതിയും കെടുകാര്യസ്ഥയും വിലയിരുത്താനുള്ള അവസരമാണിത്. വികസനരംഗത്ത് സർക്കാർ പൂർണപരാജയമാണ്. ക്ഷേമപ്രവർത്തനങ്ങൾ ഒന്നും എടുത്തുപറയാനില്ല. ശാസ്ത്രീയമായി അഴിമതി നടത്തി എല്ലാ വിഭാഗത്തെയും തകർക്കുകയാണ് സർക്കാർ. അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ ഉണ്ടയില്ലാത്ത വെടി എന്നാണ് ആക്ഷേപം. എന്നാൽ ഉണ്ടയുള്ള വെടി തന്നെയാണെന്ന് ഉടൻ വ്യക്തമാവും. ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി സർക്കാരിനോ മുഖ്യമന്ത്രിക്കോ നൽകാനാവുന്നില്ല. ഈ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. സർക്കാരിന്റെ അഴിമതിക്കും തെറ്റുകൾക്കുമെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.