ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള പൊതുനിരത്തുകൾ വലിയ ആക്ഷേപങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. വർഷത്തിൽ പകുതിയിലേറെ നീണ്ടുനിൽക്കുന്ന രണ്ടു മഴക്കാലത്തെ അതിജീവിക്കാൻ കഴിയാത്തതാണ് ഇവിടത്തെ റോഡുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സമയബന്ധിതമായി അറ്റകുറ്റപ്പണി നടക്കാത്തതാണ് ഗതാഗതം അസാദ്ധ്യമാക്കുന്ന മറ്റൊരു ഘടകം. ചെറുകുഴികൾ രൂപപ്പെടുമ്പോൾത്തന്നെ ഉടനടി പരിഹരിക്കുകയാണെങ്കിൽ വലിയ തോതിൽ റോഡുകളെ സംരക്ഷിക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ വലിയ വീഴ്ചയും അനാസ്ഥയുമാണ് കാണുന്നത്.
ചെറുകുഴികൾ പാതാള ഗർത്തങ്ങളായി മാറുകയും വാഹനങ്ങളും യാത്രക്കാരും അവയിൽ വീണ് പരിക്കേൽക്കുകയും ചെയ്യുന്നതുവരെ അറ്റകുറ്റപ്പണി വൈകിക്കും. നാട്ടുകാർ എത്ര മുറവിളി കൂട്ടിയാലും ഫലമുണ്ടാകാറില്ല. മരാമത്തുമന്ത്രി ജി. സുധാകരൻ വ്രതനിഷ്ഠ പോലെ പ്രത്യേക താത്പര്യമെടുത്തിട്ടും റോഡുകളിൽ ചിലത് ദുഃസഹ നിലയിൽ തുടരുകയാണ്. പ്രധാന നിരത്തുകളിലെ കുഴികൾ അടച്ച് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി അടുത്തിടെ കർക്കശ നിർദ്ദേശം നൽകിയതാണ്. ഒക്ടോബർ 31 നകം അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. അതിനിടയ്ക്കാണ് വീണ്ടും മഴ തുടങ്ങിയത്. ഇടതടവില്ലാതെ പെയ്യുന്ന മഴയ്ക്കിടെ റോഡിൽ ഒരു പണിയും നേരായ രീതിയിൽ നടക്കില്ല. അതിനാൽ അറ്റകുറ്റപ്പണികൾ തീർക്കേണ്ട സമയപരിധി ഡിസംബർ 31 വരെയായി ദീർഘിപ്പിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് എറണാകുളത്തെ റോഡുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഒരു ബസുടമ സമർപ്പിച്ച ഹർജിയിന്മേൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഇതേ സമയക്രമം കർക്കശമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിനു നിർദ്ദേശം നൽകിയിരിക്കുന്നത്. മരാമത്തു വകുപ്പു റോഡുകളിലെ അറ്റകുറ്റപ്പണി ഡിസംബർ 31-നകവും തദ്ദേശ സ്ഥാപനങ്ങളുടേത് അടുത്ത ജനുവരി 31-നകവും പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം എടുത്തുകാട്ടി ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മരാമത്തു വകുപ്പ് നടപടി എടുത്തേ മതിയാവൂ എന്ന് കോടതി ഓർമ്മിപ്പിച്ചിട്ടുണ്ട്. എറണാകുളത്തു മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിത്യേന ഇതുപോലുള്ള ദാരുണ സംഭവങ്ങൾ നടക്കാറുണ്ട്. കുണ്ടും കുഴിയും ഗർത്തങ്ങളുമായി അമ്പേ തകർന്നുകിടക്കുന്ന നിരത്തുകൾ ഒട്ടേറെ ജീവനുകൾ അപഹരിച്ചിട്ടുമുണ്ട്.
റോഡ് നിർമ്മാണവും അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ കർശനമായ മേൽനോട്ടത്തിൽ നടത്തണമെന്ന കോടതി നിർദ്ദേശം പാലിക്കാനായാൽ റോഡുകളുടെ സ്ഥിതി വളരെയധികം മെച്ചപ്പെടുമെന്നു തീർച്ചയാണ്. അഴിമതിയും കൈക്കൂലിയുമാണ് റോഡുകളുടെ മാത്രമല്ല സകല മരാമത്തു പണികളെയും ദോഷകരമായി ബാധിക്കുന്നത്. പടി കൃത്യമായി കൈയിലെത്തിയാൽപ്പിന്നെ പണി നടക്കുന്ന സ്ഥലത്ത് തിരിഞ്ഞുനോക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകില്ല. കർക്കശക്കാരനായ മന്ത്രി വന്നതോടെ ഈ സ്ഥിതിക്ക് കുറെയൊക്കെ മാറ്റം ഇപ്പോൾ കാണാനുണ്ട്. ഒട്ടേറെ റോഡുകൾ മികച്ച നിലവാരത്തിൽ പുനർനിർമ്മിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയുന്നുണ്ട്. തകർന്ന റോഡുകൾ നവീകരിക്കുന്നത് നിശ്ചിത നിലവാരത്തിലായാൽ കുറച്ചു വർഷമെങ്കിലും കേടുപാടുകൾ കൂടാതെ കിടക്കും. അക്കാര്യം ഉറപ്പുവരുത്തുക തന്നെ വേണം. റോഡുപണിയിൽ കള്ളത്തരം കാണിക്കുന്ന കരാറുകാരെ മാത്രമല്ല അതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർ കൃത്യമായി റോഡുകൾ പരിശോധിക്കണം. അതുവഴി തകരാറുകൾ അപ്പപ്പോൾ കണ്ടെത്താനും പരിഹാര നടപടി സ്വീകരിക്കാനും സാദ്ധ്യമാകും. പണ്ടുകാലത്ത് ഇതിനായി മരാമത്തു വകുപ്പിൽ താഴെ തലത്തിൽ തൊഴിലാളികളുണ്ടായിരുന്നു. റോഡിൽ രൂപപ്പെടുന്ന ചെറിയ കുഴികളടയ്ക്കുന്ന പണി ചെയ്തുവന്നത് അവരാണ്. വലിയ തകരാർ ചുമതലപ്പെട്ടവരെ അറിയിച്ച് മേൽ നടപടികൾ എടുപ്പിക്കാനും കഴിഞ്ഞിരുന്നു. തങ്ങളുടെ ചുമതലയിൽ വരുന്ന റോഡുകളുടെ പരിപാലനം ആക്ഷേപമില്ലാത്ത നിലയിൽ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. വീഴ്ച കണ്ടെത്തിയാൽ ശിക്ഷിക്കാനും മടിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് അറ്റകുറ്റപ്പണിക്ക് പ്രത്യേക ടീമിനെത്തന്നെ നിയോഗിക്കണമെന്ന കോടതിയുടെ നിർദ്ദേശം സർക്കാർ പാലിക്കണം. കേൾപ്പോരും കേഴ്വിയുമില്ലാത്ത നിലയിലാണ് തദ്ദേശ റോഡുകളുടെ സ്ഥിതി.
റോഡിലെ കുഴി ചെറുതായൊന്നു മൂടി ടാർപുരട്ടി വിടുന്ന ഏർപ്പാട് പാടേ ഉപേക്ഷിക്കേണ്ട സമയമായി. റോഡുകൾ ഒരുകാലത്തും നന്നാകാത്തതിന്റെ പ്രധാന കാരണം താത്കാലിക ശാന്തി മാത്രം ലക്ഷ്യമിട്ടു ചെയ്യുന്ന ഇത്തരം ഉഡായിപ്പു പണിയാണ്. പുതുക്കിപ്പണിയുന്ന റോഡുകൾ നിശ്ചിത സമയത്തിനകം തകർന്നാൽ കരാറുകാരനിൽ നിന്ന് നഷ്ടം ഈടാക്കാൻ വ്യവസ്ഥയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കൃത്യമായി പാലിക്കാനായാൽ റോഡുകൾ നന്നാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പണി പൂർത്തിയാക്കി കരാറുകാരൻ പോകുന്നതോടെ ആദ്യ മഴയിൽത്തന്നെ ഒലിച്ചുപോകുന്ന റോഡുകൾ കണ്ടു ശീലിച്ചവർക്ക് മാറിചിന്തിക്കാൻ അവസരം നൽകുന്നതാകണം റോഡ് നവീകരണ പ്രവർത്തനങ്ങൾ. ഭാരിച്ച റോഡ് നികുതി അടച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് സഞ്ചാരയോഗ്യമായ പാതകൾ ഒരുക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.