തിരുവനന്തപുരം: കൊട്ടിക്കലാശത്തിനു മുമ്പ് വട്ടിയൂർക്കാവിനെ ഇളക്കിമറിച്ച് എൻ.ഡി.എയുടെ റോഡ് ഷോ. വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നാരംഭിച്ച് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൂടെ സഞ്ചരിച്ച റോഡ് ഷോ എൻ.ഡി.എയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി മാറി. നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകർ പങ്കുചേർന്നു.
രാവിലെ മുതൽ വട്ടിയൂർക്കാവ് സാഹിത്യപഞ്ചാനൻ ഗ്രന്ഥശാലാങ്കണത്തിലെ വേദിയിൽ കാത്തിരുന്ന പ്രവർത്തകർക്കിടയിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരനും പി.സി. ജോർജ് എം.എൽ.എയ്ക്കുമൊപ്പമാണ് സ്ഥാനാർത്ഥി എസ്.സുരേഷ് എത്തിയത്. പ്രവർത്തകർ നേതാക്കളെ പുഷ്പവൃഷ്ടിയോടെയാണ് ഉദ്ഘാടന വേദിയിലേക്ക് അനയിച്ചത്. വി.മുരളീധരന്റെ റോഡ് ഷോ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും വേദിയിലേക്കെത്തി. തുടർന്ന് പി.സി. ജോർജും എച്ച്.രാജയും സുരേഷിന് വിജയാശംസ നേർന്ന് സംസാരിച്ചു. അപ്പോഴേക്കും റോഡ് ഷോയ്ക്കുള്ള വാഹനങ്ങൾ പുറത്ത് തയ്യാറായിരുന്നു.
കുങ്കുമഹരിത പതാക വി.മുരളീധരൻ സുരേഷിന് കൈമാറിയതോടെ റോഡ് ഷോയ്ക്ക് തുടക്കമായി. പുറത്ത് പ്രത്യേകം തയ്യറാക്കി നിറുത്തിയിരുന്ന വാഹനത്തിലേക്ക് നേതാക്കൾ. സ്ഥാനാർത്ഥിക്ക് ഇടതുവശം വി.മുരളീധരനും വലതുവശം കുമ്മനം രാജശേഖരനും, എച്ച്.രാജയുമായി റോഡ് ഷോ ആരംഭിച്ചു.
സുരേഷിനായി വേട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വാഹനങ്ങൾ മുമ്പിൽ. അതിനുപിന്നാലെ വോട്ടർമാരെ കൈവീശി കാണിച്ചുകൊണ്ടുള്ള നേതാക്കളുടെ വാഹനം .പിറകെ പൊരിവെയിലിനെ അവഗണിച്ച് ഇരുചക്ര വാഹനത്തിൽ നൂറുകണക്കിന് പ്രവർത്തകരും. വട്ടിയൂർക്കാവ്, നെട്ടയം, പേരൂർക്കട, കുടപ്പനക്കുന്ന്, നാലാഞ്ചിറ, കേശവദാസപുരം, കവടിയാർ, ശാസ്തമംഗലം, കുണ്ടമൺകടവ് വഴി വട്ടിയൂർക്കാവിൽ റോഡ് ഷോ സമാപിച്ചു.