വിഴിഞ്ഞം: ജീൻസ് ബാങ്കോക്കിൽ നിന്നായിരിക്കും, പക്ഷേ, അതിലെ ഓരോ നൂലിഴയും നമ്മുടെ ബാലരാമപുരത്ത് നിന്നാണ്.
ബാങ്കോക്ക് മാത്രമല്ല, തായ്ലൻഡ്, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡഡ് ജീൻസുകൾക്ക് ഈടുംപാവുമൊരുക്കുന്നത് കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തെ കോട്ടൺ നൂലാണ്.
ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ഇതുവരെ 35 കണ്ടെയ്‌നർ കോട്ടൺനൂലുകൾ ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. കട്ടിയുള്ള നൂലായതിനാൽ ജീൻസും ബെഡ്ഷീറ്റുകളുമാണ് നിർമ്മിക്കാനുപയോഗിക്കുന്നത്. ബാലരാമപുരത്ത് നിന്ന് തൂത്തുക്കുടിയിൽ എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്.
2017 നവംബറിലാണ് കമ്പനി വിദേശകയറ്റുമതി തുടങ്ങിയത്. ശ്രീലങ്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് നൂൽ കയറ്റുമതിയ്ക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കയറ്റുമതിയുണ്ട്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും മില്ലിന്റെ അതിഗംഭീര തിരിച്ചുവരവാണിതെന്ന് അധികൃതർ പറയുന്നു. ഇതര സ്പിന്നിംഗ് മില്ലുകളിലെ കോട്ടൺ അവശിഷ്ടങ്ങളിൽ നിന്നാണ് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിൽ നൂൽ നിർമ്മിക്കുന്നത്.
തകർച്ചയിൽ നിന്ന് തിരിച്ചുവരവ്
കൈത്തറി മേഖലയ്ക്ക് ആവശ്യമായ നൂൽ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതിനായാണ് മിൽ ആരംഭിച്ചത്. എന്നാൽ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് 1998ൽ അടച്ചുപൂട്ടി. 2004ൽ ഹൈക്കോടതി മിൽ ലിക്വിഡേറ്റ് ചെയ്യാൻ ഉത്തരവിട്ടു. ലിക്വിഡേറ്ററെ നിയമിച്ചു. തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാർ കമ്പനി ഏറ്റെടുത്തു.
ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും യന്ത്രങ്ങളെത്തിച്ചു. 4.5കോടി ചെലവിട്ട് മിൽ നവീകരിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ 7.5 കോടി രൂപ അനുവദിച്ചു.