last-grade-jobs

തിരുവനന്തപുരം: താഴ്ന്ന തസ്തികകളിലേക്ക് സ്ഥിരനിയമനവും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനവും സർക്കാർ നിറുത്തലാക്കി. ഇതുസംബന്ധിച്ച് സർക്കുലറും പുറത്തിറങ്ങി. ഇതോടെ വിദ്യാഭ്യാസം കുറഞ്ഞവർക്ക് ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലെ നിയമനം എന്നെന്നേക്കുമായി ഇല്ലാതായി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേർക്ക് ഉത്തരവ് തിരിച്ചടിയാകും.

ഇത്തരം ഒഴിവുകളിൽ സ്ഥിരമായോ താത്കാലികമായോ നിയമനം നടത്താതെ കുടുംബശ്രീയിൽ നിന്നോ വിമുക്തഭടൻമാരുടെ അർദ്ധസർക്കാർ ഏജൻസിയായ കെക്‌സ്‌കോണിൽ നിന്നോ ദിവസക്കൂലിക്ക് ആളെ വിളിക്കാനാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് ഇൗ രണ്ട് ഏജൻസികളുമായി സർക്കാർ ധാരണാപത്രവും ഒപ്പുവച്ചു. നിലവിലെ ജീവനക്കാർ പിരിഞ്ഞുപോകുന്ന മുറയ്ക്ക് ഇൗ തസ്തികകളിലേക്ക് ഇനി നിയമനമില്ല. സംവരണാനുകൂല്യത്തിൽ താഴ്ന്ന സമുദായങ്ങൾ ഏറ്റവും അധികം നിയമിക്കപ്പെടുന്ന തസ്തികകളാണ് ഇവ. ഒാഫീസുകളുടെ വലിപ്പം, ജീവനക്കാരുടെ മൊത്തം എണ്ണം എന്നിവയ്ക്ക് ആനുപാതികമായാണ് ശുചീകരണത്തിനും സെക്യൂരിറ്റിക്കും തസ്തിക സൃഷ്ടിച്ചിരുന്നത്.

ഇൗമാസം ആദ്യം ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ ഒരു വകുപ്പിലേക്കും ഇൗ തസ്തികകളിൽ നേരിട്ടോ, അല്ലാതെയോ സ്ഥിരനിയമനം നടത്തരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബശ്രീ, കെക്‌സ്കോൺ എന്നിവയുമായി വാർഷിക കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ആവശ്യമായ ജീവനക്കാരെ ദിവസക്കൂലിക്കു മാത്രം നിയോഗിക്കാനും ഇവരുടെ കൂലി ഒാഫീസ് ചെലവിനത്തിൽ നൽകാനുമാണ് നിർദ്ദേശം.

കേരളത്തിൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ നിയമനം കാത്തിരിക്കുന്നവരുടെ എണ്ണം 35.63 ലക്ഷമാണ്. ഇവരിൽ 60 ശതമാനം പേരും പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ തൊഴിൽ പ്രതീക്ഷകൾക്കു മേലാണ് പുതിയ ഉത്തരവ് കത്തിവയ്‌ക്കുന്നത്.