തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ എൻ.എസ്.എസിന്റെ രാഷ്ട്രീയപ്പാർട്ടിയായിരുന്ന എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ഏകോപനസമിതി അംഗവുമായിരുന്ന ആളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ നിര്യാണത്തിന് ശേഷം 1973ലാണ് അവർ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചത്. 1976 മുതൽ 96 വരെ എൻ.ഡി.പി യു.ഡി.എഫിലായിരുന്നു. 77ൽ അഞ്ച് എം.എൽ.എമാർ അവർക്കുണ്ടായിരുന്നു. ആ എഴുപതുകളിലേക്ക് തിരിച്ചുപോകാനാണ് ഉദ്ദേശ്യമെങ്കിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കണം. അല്ലാതെയുള്ള നിലപാട് മതനിരപേക്ഷ അടിത്തറയ്ക്ക് തിരിച്ചടിയായി മാറും. സമുദായ സംഘടന രാഷ്ട്രീയത്തിലിടപെടുന്നത് ആ സമുദായാംഗങ്ങൾ പോലും ഇഷ്ടപ്പെടില്ലെന്നും പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ കോടിയേരി പറഞ്ഞു.
രാഷ്ട്രീയബോധമുള്ള ജനങ്ങൾ അവരവരുടെ വിശ്വാസത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. ഇത്തവണയും അതുതന്നെയുണ്ടാവും. എൻ.എസ്.എസിന്റെ വട്ടിയൂർക്കാവിലെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ജാതിഭ്രാന്തും മതഭ്രാന്തും സൃഷ്ടിക്കുന്നതിനെ സമൂഹം അംഗീകരിക്കില്ല. എൻ.എസ്.എസിനെ ശത്രുപട്ടികയിലല്ല ഇപ്പോഴും കാണുന്നത്. എസ്.എൻ.ഡി.പിയും മുമ്പ് എസ്.ആർ.പി രൂപീകരിച്ചിട്ടുണ്ട്. ധീവരസഭയുടെ ഡി.എൻ.പിയുമുണ്ടായിട്ടുണ്ട്. ഇവരെല്ലാം യു.ഡി.എഫിനൊപ്പമായിരുന്നു. ആ മുന്നണിയെ നേരിട്ടാണ് 87ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. വട്ടിയൂർക്കാവിൽ നഗ്നമായി ജാതി പറഞ്ഞ് വോട്ട് പിടിച്ചതു കൊണ്ടാണ് പരാതി നൽകിയത്.
മൂന്നര വർഷത്തെ ഇടതുസർക്കാരിനെയും അഞ്ചരവർഷത്തെ മോദിസർക്കാരിനെയും കഴിഞ്ഞ അഞ്ച് വർഷം ഭരിച്ച യു.ഡി.എഫ് സർക്കാരിനെയും താരതമ്യം ചെയ്തുള്ള വിലയിരുത്തൽ ഈ തിരഞ്ഞെടുപ്പിലുണ്ടാവണം. മൂന്നരവർഷത്തെ ഭരണത്തെ അഭിമാനപൂർവം ഞങ്ങൾക്ക് അവതരിപ്പിക്കാനായിട്ടുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 54 എണ്ണമൊഴികെ പൂർണമായോ ഭാഗികമായോ നടപ്പാക്കി. അഴിമതിരഹിത ഭരണം സർക്കാരിന്റെ പ്രതിച്ഛായ കൂട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് വ്യത്യസ്ത സ്ഥിതിയാണിപ്പോഴെന്ന് പാലാ ഉപതിരഞ്ഞെടുപ്പോടെ വ്യക്തമായി. ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിനാവില്ലെന്ന് ജനം തിരിച്ചറിഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് അനുകൂലമായ മാറ്റം പ്രകടമാണ്. എൽ.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്ന് മനസിലാക്കിയാണ് രാഷ്ട്രീയപ്രശ്നങ്ങൾ യു.ഡി.എഫ് വിഷയമാക്കാതിരുന്നത്. എൽ.ഡി.എഫ് വികസനം മുടക്കികളാണെന്ന് മുമ്പ് നടത്തിവന്ന പ്രചാരണം ഏശാതെ വന്നപ്പോൾ ജാതി, മത വികാരം ഇളക്കിവിടാനാണ് ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. പ്രസ്ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് സ്വാഗതവും സെക്രട്ടറി എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.