kodiyeri-balakrishnan

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെ ഉയർന്ന മാർക്ക്ദാന വിവാദത്തിൽ പാർട്ടി എല്ലാ കാര്യങ്ങളും അവധാനതയോടെ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധികളില്ല. എം.ജി സർവകലാശാലയുടെ മാർക്ക്ദാന തീരുമാനത്തിൽ പുനഃപരിശോധന വേണോയെന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളാണ്. ഞാനൊരു അധികാരകേന്ദ്രമല്ല. പ്രതിപക്ഷനേതാവിന്റെ മകനെതിരെ മന്ത്രി ഉന്നയിച്ച ആക്ഷേപത്തെപ്പറ്റി ചോദിച്ചപ്പോൾ, വ്യക്തിപരമായ ആക്ഷേപമുന്നയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി. പാർട്ടിയും അതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

മുൻകാലങ്ങളിലും മോഡറേഷൻ നൽകിയിട്ടുണ്ട്. മോഡറേഷനെ മാർക്ക് ദാനമെന്ന് ചിത്രീകരിക്കുകയാണ്. യു.ഡി.എഫിന്റെ കാലത്ത് 2012ൽ കാലിക്കറ്റ് സർവകലാശാലയിൽ 20 മാർക്ക് വരെ കൊടുത്തിട്ടുണ്ട്. ഇതടക്കം എല്ലാ മോഡറേഷനുകളും പരിശോധിക്കട്ടെ. എം.ജിയിലേത് വി.സിയുടെ തീരുമാനമാണ്. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉദ്ഘാടനച്ചടങ്ങിലും അവസാനം തീരുമാനം പ്രഖ്യാപിക്കുമ്പോഴും പങ്കെടുത്തിട്ടുണ്ട്. തലേദിവസം വി.സി എടുത്ത തീരുമാനം അവിടെ പ്രഖ്യാപിക്കുക മാത്രമായിരുന്നു. അതെങ്ങനെ സ്വാധീനിക്കലാവും? ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് എം.ജിയിൽ അദാലത്ത് തുടങ്ങിയത്. വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയേ ഇല്ലാത്ത മുഖ്യമന്ത്രിയാണ് ആദ്യം പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് സമയത്ത് വാർത്തകളുടെ പ്രവാഹം സൃഷ്ടിക്കാൻ ഉദ്ദേശിച്ചവരും വിവാദം സൃഷ്ടിച്ചവരിലുണ്ട്. പാലാരിവട്ടം പാലം അഴിമതി പുറത്തുവന്നപ്പോൾ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവുമുണ്ട്. ജലീലിനെതിരെ ആക്ഷേപമുന്നയിക്കുന്നതിന് വേറെ ചില പ്രശ്നങ്ങളുമുണ്ട്. ജലീലിന്റെ പേര് കേൾക്കുന്നതേ ചിലർക്കിഷ്ടമല്ല.

കോന്നിയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരെ മാർക്ക് തട്ടിപ്പ് ആരോപണമുയർന്നിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, എല്ലാ തട്ടിപ്പിനെപ്പറ്റിയും അറിയുന്ന ആളാണോ താനെന്നായിരുന്നു മറുപടി. കൂടത്തായി കേസിലെ പ്രതികളെ ഇപ്പോൾ പിടിച്ചില്ലെങ്കിൽ നല്ല ജോളിയാവുമായിരുന്നു. ഇപ്പോഴെങ്കിലും പിടിച്ചില്ലെങ്കിൽ ഇനിയും ആളുകൾ മരിക്കുമായിരുന്നെന്നാണ് അന്വേഷണസംഘം പറ‌ഞ്ഞത്. അത് സംഭവിച്ചോട്ടെയെന്നാണോ, കേസ് ഇപ്പോൾ പുറത്തുവിട്ടത് ശരിയായില്ലെന്ന് പറഞ്ഞതിലൂടെ കെ.പി.സി.സി പ്രസിഡന്റ് ഉദ്ദേശിച്ചത്? കൊലപാതക സംഘത്തിന് രക്ഷാകവചമൊരുക്കുകയാണ് അദ്ദേഹം.

വി.എസിനെതിരായ കെ. സുധാകരന്റെ അധിക്ഷേപത്തിലൂടെ അദ്ദേഹത്തിന്റെ സംസ്കാരം പ്രകടിപ്പിച്ചെന്ന് മാത്രമേയുള്ളൂ. സുധാകരന് 71 വയസായി. 70 കഴിഞ്ഞാൽ ഏടും കൂടുമാണെന്ന് പറഞ്ഞ സുധാകരനും അങ്ങനെയെങ്കിൽ ഏടും കൂടുമായോ എന്നും കോടിയേരി ചോദിച്ചു.