തിരുവനന്തപുരം: കാക്കിയഴിച്ച്, രാകിമിനുക്കിയ മലപ്പുറം കത്തി കൈയിലെടുത്ത് മൂർച്ച നോക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായ ജേക്കബ് തോമസിന്റെ ഉള്ളിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. നിത്യവൃത്തിക്ക് പണമില്ലാതെ വലയുന്ന സ്ഥാപനത്തെ മൂന്നുവർഷം കൊണ്ട് ആയിരം കോടി വിറ്റുവരവിലെത്തിക്കുക.
മലബാർ പാരമ്പര്യത്തിന്റെ അടയാളമായ മലപ്പുറം കത്തിയും കേരളോത്പത്തിയോളം പഴക്കമുള്ള പരശുരാമന്റെ മഴുവും കണ്ണൂരിലെ തെയ്യം വാളുമെല്ലാം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അടയാളങ്ങളാക്കി വിദേശമാർക്കറ്റിലെത്തിക്കുകയാണ് ദൗത്യം.
വിദേശത്തെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി സ്വിസ് കത്തി, നേപ്പാളി കത്തി എന്നിവയൊക്കെ വാങ്ങുന്നത് പോലെ കേരളത്തിന്റെ സ്മരണികയായി മലപ്പുറം കത്തി, കായംകുളം കൊച്ചുണ്ണി കത്തി, പരശുരാമന്റെ മഴു, തെയ്യം വാൾ എന്നിവ കീ ചെയിനായും സ്റ്റാൻഡിൽ വയ്ക്കാവുന്നതും ഭിത്തിയിൽ തൂക്കാവുന്നതുമായ രൂപങ്ങളായും നിർമ്മിക്കും. കേരളത്തിന്റെ ഔദ്യോഗിക മുദ്ര പതിക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വിറ്റഴിക്കും. പല ആകൃതിയിലുള്ള സ്റ്റീൽ തകിടിൽ ഇവ പതിപ്പിച്ച കേരള സ്മരണികയും പുറത്തിറക്കും.
സ്ഥാപനത്തിന്റെ വിറ്റുവരവ് വർദ്ധിപ്പിക്കുന്നതിനായി ജില്ലകൾതോറും മാർക്കറ്റിംഗ് നടത്തി. ഐ.എസ്.ആർ.ഒ, കാർഷിക സർവകലാശാല, പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം തുടങ്ങിയവയുമായി കരാറുണ്ടാക്കി. കൊടിൽ നിർമ്മിക്കാനാണ് ഐ.എസ്.ആർ.ഒയുമായി ധാരണ. കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്കാവശ്യമായ കൃഷിഉപകരണങ്ങളും നിർമ്മിച്ച് നൽകും. ഗുണമേന്മയുള്ള കറിക്കത്തികൾ പുറത്തിറക്കാനും പദ്ധതിയുണ്ട്. പ്രാഥമിക സഹകരണസംഘങ്ങളുമായി ചേർന്നും ഇവ വിറ്റഴിക്കും.
മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
അലോയ് സ്റ്റീലുപയോഗിച്ച് മൺവെട്ടി, പിക്കാസ്, മൺകോരി, കോടാലി തുടങ്ങിയ കൃഷി ഉപകരണങ്ങൾ, സ്റ്റീൽ മേശ, അലമാര, വേസ്റ്റ്ബിൻ, സ്റ്റീൽ കട്ടിലുകൾ എന്നിവ നിർമ്മിക്കുന്ന സ്ഥാപനമാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. പ്രതിമാസം 15 ലക്ഷമാണ് വിറ്റുവരവ്. 24 ഏക്കർ ഭൂമിയുണ്ട്. 40 ജീവനക്കാർ. ആവശ്യക്കാരില്ലാത്തതിനാൽ ശേഷിയുടെ 20 ശതമാനം പോലും നിർമ്മാണം നടക്കുന്നില്ല.
''സർക്കാരിൽ നിന്ന് വായ്പയെടുത്തും ഗ്രാന്റ് വാങ്ങിയുമാണ് ശമ്പളം നൽകുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കി സ്ഥാപനത്തെ ലാഭകരമാക്കും. തോറ്റുപിന്മാറാൻ തയ്യാറല്ല.''
-ജേക്കബ് തോമസ്