കിളിമാനൂർ: പന്ത് വിളക്കാർ യാത്ര ചെയ്യാനായി ഒരു കടത്ത് വഞ്ചി തേടി നടക്കുകയാണ്. പന്ത് വിളക്കാർക്കെന്തിനാ കടത്ത് വഞ്ചി എന്നാവും പലരും ചിന്തിക്കുന്നത്.എന്നാൽ പന്ത് വിളയിലെ റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ കടത്ത് വഞ്ചി തന്നെ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.വളരെ ഏറെപ്പേർ ദൈനന്തിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാന റോഡിലാണ് വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെ കടന്നുപോകുന്ന കൊടുവഴന്നൂർ - പന്തുവിള അംബേദ്കർ കോളനി നിവാസികൾക്കാണ് ഈ ദുരിതം.
പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കൊടുവഴന്നൂർ സ്കൂൾ ജംഗ്ഷനിൽ നിന്ന് പ്രതീക്ഷാ ജംഗ്ഷൻ, ചാക്യാർ മുക്ക് വഴി പന്തു വിള അംബേദ്കർ കോളനിയിലേക്കുള്ള റോഡ് നിർമിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. നൂറ്റമ്പതോളം കുടുംബംഗങ്ങളാണ് അംബേദ്കർ കോളനിയിൽ ഉള്ളത്.ഇവർ ഉൾപ്പെടെ നൂറു കണക്കിന് കുടുംബഗങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന യാത്രാ മാർഗമാണ് പന്തുവിള - കൊടുവഴന്നൂർ സ്കൂൾ ജംഗ്ഷൻ റോഡ്. കാൽ നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച റോഡിൽ ടാറിംഗ് നടത്തിയിരുന്നു എങ്കിലും ഇപ്പോൾ ടാർ കണി കാണാൻ പോലും ഇല്ല. റോഡിലാകെ വലിയ കുഴികൾ മാത്രമാണുള്ളത്.മഴപെയ്തതോടെ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് ചെറിയൊരു ജലാശയം പോലെ കിടക്കുകയാണ് റോഡ്. റോഡ് എന്നത് ഒരു വിശേഷണം മാത്രമാണ്.
റോഡ് കൈയേറി സ്വകാര്യ വ്യക്തികൾ ഇരു വശങ്ങളിലും കൂറ്റൻ മതിലുകൾ കെട്ടിയതോടെയാണ് വെള്ളം ഒഴുകി പോകാതെ റോഡ് ജലാശയമായി മാറിയത്. അക്കരെ ഇക്കരെ കടക്കണമെങ്കിൽ ബസിന് പകരം കടത്തു വഞ്ചി വരേണ്ട അവസ്ഥയാണ്. റോഡിന്റെ ദുർസ്ഥിതി സംബന്ധിച്ച് നാട്ടുകാർ പലവട്ടം അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന അക്ഷേപം ഉയർന്നിട്ടുണ്ട്.
സർവതും നിറുത്തിക്കും
കാൽ നൂറ്റാണ്ട് മുമ്പാണ് ഈ റോഡ് നിർമ്മിച്ചത്. യാത്രാ ബാഹുല്യം കണക്കിലെടുത്ത് പന്തു വിള നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിേലേക്ക് രാവിലെയും, വൈകിട്ടും കിളിമാനൂർ ഡിപ്പോയിൽ നിന്നും കെ.എസ്.ആർ .ടി.സി സർവീസ് നടത്തി വരുന്നു. ലാഭകരമായ ഈ സർവീസ് റോഡിന്റെ ശോചനീയാവസ്ഥ കാരണം ഏതൊരു നിമിഷവും നിറുത്തലാക്കാവുന്ന അവസ്ഥയാണ്.
കോളനി നിവാസികൾ ഉൾപ്പെടെയുള്ളവർ യാത്രാ ദുരിതത്തിൽ
അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾ വിളിച്ചാൽ വരുന്നില്ല.
റോഡിലെ കുഴികൾക്ക് മൂന്നടിയോളം താഴ്ച.
മഴക്കാലത്ത് അപകടം പതിവ്