vairamalayile-anganvadi

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം അംഗൻവാടികളും പ്രവർത്തിക്കുന്നത് കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ഥലം പോലുമില്ലാത്ത വാടകക്കെട്ടിടങ്ങളിലാണ്. ഇവിടെ വരുന്ന കുട്ടികളിലധികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കളാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഫണ്ട് ചെലവഴിച്ച് പ്രവർത്തിപ്പിക്കുന്ന അംഗൻവാടികളിൽ രണ്ട് ജീവനക്കാരാണ് ഉള്ളത് - ടീച്ചറും, ഹെൽപ്പറും. എല്ലാ അംഗൻവാടികൾക്കും അതാത് വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ പി.ടി.എകളും നിലവിലുണ്ടെങ്കിലും സ്വന്തം കെട്ടിടം എന്ന സ്വപ്നം ഇവയ്ക്ക് ഇന്നും അന്യമാണ്. കിളിമാനൂർ ബ്ലോക്കിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിൽ സ്വന്തമായി കെട്ടിടമില്ലാത്ത അംഗൻവാടികൾ ഏറ്റവും കൂടുതലുള്ളത് നാവായിക്കുളത്താണ്. 2005 - 2010 ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് 7 അംഗൻവാടി കെട്ടിടങ്ങൾ പണിതെങ്കിലും 2015 ന് ശേഷം ഒന്നിന് പോലും സ്വന്തമായി സ്ഥലമോ കെട്ടിടമോ വാങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ശ്രമം നടത്താത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കുട്ടികൾ കുറവാണെന്ന കാരണം പറഞ്ഞ് പല അംഗൻവാടികളും പൂട്ടാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പഞ്ചായത്തിന്റെ ശ്രദ്ധയും പരിഗണനയും ആവശ്യത്തിന് ലഭിക്കാത്തതുമാണ് അംഗൻവാടികളിൽ കുട്ടികൾ കുറയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാതൃകാ ശിശു വികസന കേന്ദ്രമായി പ്രവർത്തിക്കേണ്ട അംഗൻവാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.