2

വിഴിഞ്ഞം: വിഴിഞ്ഞത്തെ ബെർത്ത് നിർമ്മാണം പുരോഗമിക്കുമ്പോഴും പൈലിംഗ് നടത്തുന്നതിത് തടസമായി മാറിയിരിക്കുകയാണ് തീരത്തോട് ചേർന്ന് കടലിൽ കിടക്കുന്ന കരിങ്കല്ലുകൾ. ഒടുവിൽ ഇവ നീക്കംചെയ്യുന്നതിലേക്കായി ജെ.സി.ബി കടലിലിറക്കി. ഇതോടെ തടസമായി കിടക്കുന്ന കല്ലുകൾ മാറ്റി തുടങ്ങി. പോണ്ടൂണിന്റെ പുറത്ത് ജെ.സി.ബി ഉറപ്പിച്ചാണ് കടലിൽ ഇറക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിലെ സീവേർഡ് വാർഫിനോട് ചേർന്നാണ് പുതിയ ജെട്ടി നിർമ്മിക്കുന്നത്. തീരസംരക്ഷണസേനയുടെ വലിയ കപ്പലുകൾ അടുക്കുന്നതിനാണ് സീവേർഡ് വാർഫിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് പുതിയ ബെർത്ത് നിർമ്മിക്കുന്നത്. 10 കോടി രൂപ നിർമ്മാണത്തിനും നൽകി. തുറമുഖ വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ജനുവരി ആദ്യവാരം ബെർത്തിന്റെ കമ്മിഷൻ നടത്താനാണ് തീരുമാനം.