വിതുര: തൊളിക്കോട്- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിതുര- ചായം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് റോഡിന്റെ ഉദ്ഘാടനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്. ടാറിംഗ് ഉൾപ്പടെയുള്ള പണികൾ ഏറകുറെ പൂർത്തീകരിച്ചെങ്കിലും കൊപ്പം മുതൽ വിതുര വരെയുള്ള റോഡിന്റെ നടപ്പാത നിർമ്മാണം മാസങ്ങളായി തടസപ്പെട്ടുകിടക്കുകയാണ്. നടപ്പാത നിർമ്മിക്കുന്നതിനായി റോഡരികിൽ ഇറക്കിയ സാധനങ്ങൾ കാരണം ഗതാഗത തടസവും അപകടങ്ങളും ഉണ്ടാക്കുന്നതായും പരാതിയുണ്ട്. മാത്രമല്ല ചിലമേഖലകളിൽ പുറംപോക്ക് ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടിയില്ലെന്നും ആക്ഷേപമുണ്ട്.
വിതുര- കലുങ്ക് ജംഗ്ഷൻ മുതൽ ചായം ജംഗ്ഷൻ വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡ് 2.40 കോടി ചെലവാക്കിയാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ചപ്പോൾ ആദ്യഘട്ടത്തിൽ ആവശ്യമായ ഓടകളും സംരക്ഷണ ഭിത്തിയും നിർമ്മിക്കുകയും ചായം മുതൽ കൊപ്പം വരെയുള്ള ഭാഗത്തെ പുറംപോക്ക് ഇടിച്ചു നിരത്തി വീതി കൂട്ടുകയും ചെയ്തിരുന്നു. ആദ്യം വേഗത്തിൽ നടന്ന നിർമ്മാണം മാസങ്ങൾ പിന്നിട്ടതോടെ ഒച്ചിഴയും വേഗത്തിലായി. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്. റോഡിന്റെ നിർമ്മാണ പ്രവത്തനങ്ങൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി കേരളകൗമുദി തുടരെ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ കെ.എസ്. ശബരീനാഥൻ എം.എൽ.എ മന്ത്രി കെ. സുധാകരനെ കണ്ട് കത്ത് നൽകി. തുടർന്നാണ് റോഡ് ടാറിംഗ് നടത്താനായി ഫണ്ട് അനുവദിച്ചത്.
നിർമ്മാണം പൂർത്തിയായി വരുന്ന വെള്ളനാട്- ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ്റോഡിനെയും നെടുമങ്ങാട് പൊൻമുടി സംസ്ഥാനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് ചായം-വിതുര റോഡ്. മാത്രമല്ല വിതുര ഗവ. ഹൈസ്കൂൾ, ഗവ. യു.പി.എസ്, സബ്ട്രഷറി, താലൂക്ക് ആശുപത്രി, മൃഗാശുപത്രി, പഞ്ചായത്ത്ഓഫീസ്, കമ്മ്യൂണിറ്റിഹാൾ, എന്നിവിടങ്ങളിലേക്കും പൊൻമുടിയിലേക്കും മറ്രുമായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണ് ഇത്.
ചായം മുതൽ വിതുര വരെയുള്ള റോഡ് മൂന്ന് വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്നു. റോഡ് തകർന്നതോടെ ലോഡുമായി വന്ന ലേറികളും മറിയുകയും ചായത്ത് നിന്നും വിതുരയിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥി ബസിടിച്ച് മരിക്കുകയും ചെയ്തിരുന്നു. അനവധി ബൈക്കപകടങ്ങളും അരങ്ങേറി. റോഡിന്റെ തകർച്ച മൂലം സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകളും നിറുത്തിവച്ചു. കുഴികൾ വലുതായതേടെ നാട്ടുകാർ കുഴികളിൽ മണ്ണും കല്ലും മറ്റും നിരത്തി ഗതാഗതം പലതവണ പുനഃസ്ഥാപിച്ചിരുന്നു.