1

പോത്തൻകോട്: വീട്ടിൽ അനധികൃതമായി താമസിക്കുന്നെന്ന ഭർതൃമാതാവിന്റെ പരാതിയെ തുടർന്ന് കോടതി ഉത്തരവുമായി വീടൊഴിപ്പിക്കാനെത്തിയ പൊലീസിനുമുന്നിൽ ആത്മഹത്യാ ഭീഷണിയുമായി യുവതിയും കുടുംബവും. ഞാണ്ടൂർക്കോണം വാർഡിലെ അയിരൂപ്പാറ മരുതുംമൂട് അരിച്ചൽകോണത്തുവീട്ടിൽ ഷാഫിയുടെ ഭാര്യ ഷംനയാണ് (28) മണ്ണെണ്ണ കാനുമായി ആത്മഹത്യാഭീഷണി മുഴക്കിയത്. യുവതിയോടൊപ്പം ആറുവയസുള്ള മകൻ റിഹാൻ ആഷിക്, കിടപ്പിലായ ബാപ്പയും ഉമ്മയുമാണ് താമസം. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഫയർഫോഴ്സും ആംബുലൻസും ഉൾപ്പെടെ പൊലീസ് എത്തിയതോടെ യുവതിയും കുടുംബവും വാതിലടച്ചു. ഇവർക്ക് പോകാൻ മറ്റൊരിടമില്ലെന്നും ഇറക്കിവിടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി നാട്ടുകാർ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊലീസിനെ അകത്തേക്ക് കടത്തിവിടാതെ വീടിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവം വാർത്തയാക്കിയതോടെ ഉന്നതഉദ്യോഗസ്ഥർ ഇടപെടുകയും പൊലീസ് പിൻവാങ്ങുകയുമായിരുന്നു. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ ഷംനയെ എട്ടുവർഷം മുമ്പാണ് ഷാഫി വിവാഹം കഴിച്ചത്. ആദ്യ ഭാര്യയെ മൊഴിചൊല്ലിയ ശേഷമാണ് ഷംനയെ ഇയാൾ നിയമപ്രകാരം വിവാഹം ചെയ്‌തത്. വർഷങ്ങളായി ഗൾഫിൽ ഡ്രാഫ്റ്റുമാനായി ജോലിനോക്കുന്ന ഷാഫി കുടുംബഷെയറായി ലഭിച്ച സ്ഥലത്ത് ഷംനയുടെ ആഭരണങ്ങൾ ഉൾപ്പെടെ വിറ്റാണ് പുതിയ ഇരുനിലവീട് നിർമ്മിച്ചത്. എന്നാൽ വീടുപണി പൂർത്തിയായിരുന്നില്ല. ഇതിനിടെ രണ്ടുവർഷത്തോളം അവധിക്ക് വീട്ടിലെത്താതിരുന്ന ഷാഫി ഷംനയുമായുള്ള വിവാഹബന്ധം നിലനിൽക്കെത്തന്നെ തൃശൂർ ചാവക്കാട് നിന്ന് മൂന്നാമതും വിവാഹം കഴിച്ചു. ഇതോടെ ഷാഫിയുടെ മാതാപിതാക്കളോടൊപ്പം കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഷംനയെയും മകനെയും അവർ വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് കുടുംബ കോടതിയിൽനിന്നുള്ള ഉത്തരവ് പ്രകാരം നാട്ടുകാരുടെ സഹായത്തോടെ ഇവർ പണിതീരാത്ത വീട്ടിൽ താമസമാക്കുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ പേരിലുള്ള വസ്‌തു ഷാഫി അയാളുടെ അമ്മയുടെ പേരിലേക്ക് മാറ്റി. ഇവരാണ് അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന വിധി ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ചത്. ഈ ഉത്തരവനുസരിച്ച് ഇവരെ ഒഴിപ്പിക്കാൻ പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. കോടതിയിൽ നിന്ന് തനിക്ക് ഒരു പേപ്പറും കിട്ടിയിട്ടില്ലെന്നും നഷ്ടപരിഹാരമായി 13 ലക്ഷം രൂപ നൽകാൻ കുടുബ കോടതിയിൽ നിന്ന് വിധിയുണ്ടായതായും ഷംന പറഞ്ഞു. ഇത് മറച്ചുവച്ചാണ് ഹൈക്കോടതിയിൽ നിന്നു വിധി സമ്പാദിച്ചതെന്നും ഷംന അറിയിച്ചു. തുടർന്ന് ഇരുകക്ഷികളുമായി പൊലീസും നാട്ടുകാരും സംസാരിക്കുകയും ഷംനയ്ക്ക് 10 ലക്ഷം രൂപ നൽകാമെന്ന് ഷാഫിയുടെ കുടുംബം സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അടുത്ത ദിവസം ഇവർ നഷ്ടപരിഹാരത്തിൽ നിന്നു പിന്മാറി. ഈ വിവരം സി.ഐ കോടതിയെ ധരിപ്പിച്ചു. എന്നാൽ ഇവരെ ഒഴിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും വൻ പൊലീസ് സന്നാഹമെത്തിയത്. ഇതിനിടെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും സ്ഥലത്തെത്തി. സംഭവമറിഞ്ഞ വനിതാ കമ്മിഷൻ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്‌തു. കിടപ്പിലായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നതോടെ ഷംന സാമ്പത്തിക ബുദ്ധിമുട്ടിലായി. വൈദ്യുതിയും ടോയ്‌ലെറ്റ് സൗകര്യവുമില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ രക്ഷയ്‌ക്ക് നാട്ടുകാരും സമീപത്തെ പള്ളിഅധികൃതരും രംഗത്തെത്തുകയായിരുന്നു. ഷംനയ്‌ക്ക് ആവശ്യമായ നിയമസഹായം സർക്കാരിൽ നിന്നു ലഭ്യമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.