കേരളരാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ജാതി, സാമുദായിക ധ്രുവീകരണ ചർച്ചകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചാണ് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചാരണത്തിന് കൊടി താഴ്ന്നിരിക്കുന്നത്. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ മഞ്ചേശ്വരത്തും എറണാകുളത്തും അരൂരും കോന്നിയിലും വട്ടിയൂർക്കാവിലും സമ്മതിദായകർ പോളിംഗ്ബൂത്തിലേക്ക് നീങ്ങും. കേരളത്തിന്റെ ഉയർന്ന രാഷ്ട്രീയബോധ നിലവാരത്തെ ചോദ്യം ചെയ്യുമാറ് ഉച്ചത്തിൽ ജാതി, സമുദായ സമവാക്യങ്ങളെ ചൊല്ലിയുള്ള ചർച്ച കൊടുമ്പിരിക്കൊണ്ട ഉപതിരഞ്ഞെടുപ്പാണിത്.
നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രഖ്യാപിച്ച ശരിദൂരവും അതിന് തൊട്ടുപിന്നാലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സമുദായനേതൃത്വം യു.ഡി.എഫിനായി പരസ്യപ്രചാരണത്തിനിറങ്ങിയതുമാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ചുവിട്ടതെന്ന് പറയാം. സമുദായസംഘടനകൾ പരസ്യമായി രംഗത്തിറങ്ങുന്നത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണവും പിന്നാലെ ജാതി പറഞ്ഞ് വോട്ട് തേടിയെന്ന പരാതിയുമായി സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതും എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തി എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയതുമെല്ലാം ചർച്ചയെ കൊഴുപ്പിച്ച ഘടകങ്ങളായി. കോന്നിയിലാകട്ടെ, ശരിദൂര പ്രഖ്യാപനത്തിന് പിന്നാലെ എൻ.എസ്.എസ് നേതൃത്വം യു.ഡി.എഫിന് പിന്തുണയറിയിച്ചുള്ള ലഘുലേഖാ വിതരണം നടത്തിയെങ്കിലും അതിനപ്പുറത്തേക്ക് കടന്ന് പോകാൻ മടിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെയെത്തിയ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ തുടക്കത്തിൽ രാഷ്ട്രീയം പറഞ്ഞതല്ലാതെ, അവസാനമെത്തിയപ്പോഴേക്കും പൂർണമായി മത, സാമുദായിക സമവാക്യങ്ങളെ ചൊല്ലിയുള്ള തർക്ക -വിതർക്കങ്ങളിലേക്ക് മുന്നണികൾ മുങ്ങിത്താഴുന്നതാണ് കണ്ടത്. അപവാദമായത്, അവസാനഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ മാർക്ക്ദാന ആരോപണ വിവാദം മാത്രമാണ്. ശബരിമലയിൽ ആചാരസംരക്ഷണം വേണമെന്ന മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥി ശങ്കർറൈയുടെ പ്രതികരണത്തിന്റെ ചുവടുപിടിച്ച് ശബരിമലവിഷയത്തെ എടുത്തു പയറ്റാൻ വട്ടിയൂർക്കാവിലടക്കം ചിലേടത്തെല്ലാം യു.ഡി.എഫ് ശ്രമിക്കാതിരുന്നില്ല. ലോക്സഭയിൽ ശബരിമലയെ ശക്തമായുപയോഗിച്ച ബി.ജെ.പിക്ക് ഇക്കുറി അതിന് സാധിക്കാതെ പോയെന്നതും കൗതുകകരമായി. ഒാർത്തഡോക്സ് - യാക്കോബായ സഭാ തർക്കമാണ് മറ്റൊരു ചർച്ചാവിഷയം. ഒാർത്തഡോക്സ് സഭയിലെ ഒരുവിഭാഗം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോന്നിയിൽ ചർച്ചയാണ്. എന്നാൽ ഒൗദ്യോഗിക നിലപാട് അതാകില്ലെന്ന് മറ്റു മുന്നണികൾ കരുതുന്നു.
പാലായിലെ അപ്രതീക്ഷിത വിജയത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് മോചനം നേടിയെന്ന് കരുതിയ ഇടതുപക്ഷം, അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ തുടക്കം മുതൽ പ്രചാരണരംഗത്ത് ആധിപത്യം പുലർത്തി വന്നതായിരുന്നു. അസ്വാരസ്യങ്ങളില്ലാതെ നേരത്തേ സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കിയതും സ്ഥാനാർത്ഥിനിർണയത്തിൽ യുവത്വത്തിന് പ്രാമുഖ്യം നൽകിയതും ഒന്ന്, രണ്ട് മണ്ഡലങ്ങളിലെങ്കിലും സമുദായസമവാക്യങ്ങൾ മറികടന്ന് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതുമെല്ലാം ഇടതിന് പ്രചാരണരംഗത്ത് മേൽക്കൈ നേടിക്കൊടുക്കാൻ സഹായിച്ച ഘടകങ്ങളായിരുന്നു. അതിനിടയിലേക്കാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തിയപ്പോൾ ഉയർന്ന മാർക്ക്ദാന ആരോപണം. ഇത് ഇടതുപക്ഷത്തെ അല്പം പ്രതിരോധത്തിലാക്കിയെന്ന് പറയാതിരിക്കാനാവില്ല. ആരോപണത്തിന് മന്ത്രി ജലീൽ നൽകിയ ന്യായവാദങ്ങൾ പൂർണതോതിൽ പൊതുസമൂഹത്തിന് ഉൾക്കൊള്ളാനായോ എന്ന ചോദ്യം ബാക്കിയാണ്. മുഖ്യമന്ത്രിയടക്കം ആരും ഇതിനോട് പ്രതികരിച്ചിട്ടില്ല. സി.പി.എം സംസ്ഥാനസെക്രട്ടറിയാകട്ടെ, എല്ലാ കാര്യങ്ങളും അവധാനതയോടെ പരിശോധിക്കുമെന്ന് പറഞ്ഞു.
എൻ.എസ്.എസ് നിലപാട്
എൻ.എസ്.എസിന്റെ ശരിദൂര നിലപാടിന്റെ ആത്യന്തികഫലം എന്താകുമെന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് വേളയിലുയരുന്ന ഏറ്റവും വലിയ ചോദ്യം. വട്ടിയൂർക്കാവ് മോഡൽ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും അത് കേരളരാഷ്ട്രീയത്തിൽ ദൂരവ്യാപക ചലനങ്ങൾക്കാവും വഴിയൊരുക്കുകയെന്നുറപ്പാണ്. വിജയമാണെങ്കിൽ അത് സമുദായസംഘടനയെന്ന നിലയ്ക്ക് വലിയ അവകാശവാദങ്ങളിലേക്കും വിലപേശലുകളിലേക്കും വരുംനാളുകളിൽ കാര്യങ്ങളെത്തിക്കും. തിരിച്ചായാൽ അവരുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയുമാകാം.
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തീവ്ര ഹൈന്ദവസംഘടനകൾ പോലും പ്രതികരിക്കുന്നതിന് മുമ്പ് തന്നെ നാമജപ ഘോഷയാത്രയുമായി തെരുവിലിറങ്ങി ഏവരെയും അമ്പരിപ്പിച്ച എൻ.എസ്.എസ് നേതൃത്വം പിന്നീടിങ്ങോട്ട് ഇടതുസർക്കാരിനെതിരെ രൂക്ഷമായി തിരിയുന്നതാണ് കണ്ടത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ സമദൂര നിലപാട് പ്രഖ്യാപിച്ചുനിന്ന എൻ.എസ്.എസ് നേതൃത്വം ഇടതിനോട് രമ്യതയിലായിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പെത്തിയപ്പോൾ തീർത്തും അകന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി സമീപനത്തെയും സംശയദൃഷ്ടിയോടെ കാണാനാണ് എൻ.എസ്.എസ് താത്പര്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ പറഞ്ഞില്ലെങ്കിലും ഈ ഉപതിരഞ്ഞെടുപ്പെത്തിയപ്പോൾ അവർ ശരിദൂരം തുറന്നുപറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടിക്ക് ശേഷമാണ് ഈ പ്രഖ്യാപനമെന്നത് എടുത്തുപറയണം.
ജനറൽസെക്രട്ടറി ശരിദൂരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി പ്രാദേശിക എൻ.എസ്.എസ് നേതൃത്വം നേരിട്ട് കളത്തിലിറങ്ങിയത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 42 ശതമാനം വരും നായർ സമുദായത്തിന്റെ അംഗബലമെന്നാണ് കണക്ക്. 38 കരയോഗങ്ങളിലായി 72000വോട്ടർമാരുണ്ടെന്ന് അവരവകാശപ്പെടുന്നുണ്ട്. വനിതാ സ്ക്വാഡുകളെ ഉൾപ്പെടെ ഇറക്കി , പരമാവധി യു.ഡി.എഫിന് അനുകൂലമായ ധ്രുവീകരണമുണ്ടാക്കാൻ പ്രചാരണം നയിച്ചതോടെയാണ് ഇടത്, ബി.ജെ.പി ക്യാമ്പുകളും ഉണർന്നത്. ബി.ജെ.പി നേതൃത്വം എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്താതിരുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും നായർ സമുദായത്തിലെ എല്ലാവരും യു.ഡി.എഫ് അനുകൂലികളല്ലെന്ന പ്രതീക്ഷയാണ് മറ്റ് മുന്നണികളെ നയിക്കുന്നത്. നായർ സമുദായത്തിലെ ഇടത് അനുഭാവികളെ ഇറക്കിയുള്ള ബദൽപ്രചാരണത്തിന് ഇടതുമുന്നണിയും തയ്യാറെടുത്തു.
കോന്നിയിലും യു.ഡി.എഫ് അനുകൂല ലഘുലേഖ വിതരണം ആരംഭിച്ചെങ്കിലും അവിടെ എൻ.എസ്.എസ് കരയോഗങ്ങളിൽ ബി.ജെ.പി അനുഭാവികളുടെ എതിർപ്പ് കൂടുതലായി ഉയർന്നപ്പോൾ തുടർപ്രചാരണം ഒഴിവാക്കിയെന്നാണ് വിവരം. അഞ്ചിടത്തും നിഷ്പക്ഷനിലപാടെന്ന് പ്രഖ്യാപിച്ച എസ്.എൻ.ഡി.പി നേതൃത്വം, എൻ.എസ്.എസ് നിലപാടിനെ നിശിതമായി വിമർശിക്കാൻ മടിച്ചുനിന്നില്ല. നേരത്തേ ശബരിമല വിഷയത്തിലെ എൻ.എസ്.എസ് എതിർപ്പ് തിരിച്ചറിഞ്ഞിട്ട് കൂടിയാണ് സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന മൂല്യസംരക്ഷണസമിതി രൂപീകരിക്കപ്പെട്ടതെന്ന് കരുതണം. അതിനെ സവർണ-അവർണ വേർതിരിവെന്ന് ആക്ഷേപിച്ച യു.ഡി.എഫിനും എൻ.എസ്.എസിനും, ഇടത് നേതൃത്വം മറുപടി നൽകുന്നത് അതിലേക്ക് ക്ഷണിച്ചിട്ടും എൻ.എസ്.എസ് വരാതിരുന്നതല്ലേയെന്ന മറുചോദ്യത്തിലൂടെയാണ്. പിന്നാക്ക, ദളിത് വിഭാഗങ്ങളെ കൂടുതലടുപ്പിക്കാനുള്ള ഇടപെടലുകളിലേക്ക് ഇടതുപക്ഷം കടക്കുമെന്നതിന്റെ സൂചനയാണ് വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാളായി പുനർനാമകരണം ചെയ്തതും.
ഭാവി
ഒന്നര വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരു വർഷത്തിനപ്പുറം വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കാവുന്ന ഉപതിരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ മുന്നണികൾക്ക് നിർണായകമാണ്. പാലായിൽ വീണ്ടെടുത്ത ആത്മവിശ്വാസം നിലനിറുത്താൻ നിലവിലെ സിറ്റിംഗ് സീറ്റായ അരൂരിന് പുറമേ അധികമായി ഒന്നെങ്കിലും ഇടതിന് വേണം. കൂടുതലായാൽ സർക്കാരിന്റെ വികസനനേട്ടത്തിനുള്ള അംഗീകാരമായി ആഘോഷിക്കാൻ ഇതിൽപ്പരം മറ്റൊന്നുമുണ്ടാവില്ല. നാല് സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം അരൂരും നേടിയെടുത്താലത് പാലായിലെ ക്ഷീണം തീർക്കാനും ഇടതിന് മറുപടി നൽകാനുമുള്ള ഏറ്റവും വലിയ മറുമരുന്നാവും യു.ഡി.എഫിന്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമേ കോന്നിയിലും ബലപരീക്ഷണം ശക്തമാക്കുന്ന ബി.ജെ.പിക്ക് വരുംകാല തിരഞ്ഞെടുപ്പുകളിൽ ആത്മവിശ്വാസം നിലനിറുത്താൻ വലിയ നേട്ടം തന്നെ ഉണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് താഴോട്ട് പോയാലത് സംഘടനാ നേതൃതലത്തിലുണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ല. ഡിസംബറിൽ സംഘടനാതിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നീങ്ങാനിരിക്കെ പ്രത്യേകിച്ചും. 24ന് വോട്ടെണ്ണുന്നത് വരെ മുന്നണികളുടെ ഹൃദയമിടിപ്പ് ഉയർന്നുതന്നെ നിൽക്കും. ശേഷമുള്ള നില എണ്ണിത്തീർന്നിട്ട്.