തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് എൻ.എസ്.എസ് നേതൃത്വം തന്നെയോ പാർട്ടിയെയോ മുന്നണിയെയോ അറിയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് എൻ.എസ്.എസിനോട് ആവശ്യപ്പെട്ടിട്ടുമില്ല. പിന്തുണ നൽകുന്നെങ്കിൽ അത് പ്രഖ്യാപിക്കേണ്ടത് എൻ.എസ്.എസ് ജനറൽസെക്രട്ടറിയാണ്. ശരിദൂര നിലപാടാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ശരിനിലപാട് സ്വീകരിച്ച് നിൽക്കുന്നത് കോൺഗ്രസാണ്. അതിനാൽ ശരിദൂര നിലപാടിന്റെ ഗുണം കോൺഗ്രസിന് കിട്ടാമെന്നും പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ മുല്ലപ്പള്ളി പറഞ്ഞു.
സമുദായ സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനോ സി.പി.എമ്മിനെ പോലെ അവരുടെ തിണ്ണ നിരങ്ങാനോ കോൺഗ്രസിനെ കിട്ടില്ല. ചെങ്ങന്നൂരിൽ എൻ.എസ്.എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ ഗുണം സി.പി.എമ്മിന് ലഭിച്ചു. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കിൽ സ്ഥാനത്തും അസ്ഥാനത്തും തുടരെ ആരോപണമുന്നയിക്കുന്ന രീതിയാണ് സി.പി.എമ്മിന്റേത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടല്ല ഈഴവ സമുദായംഗങ്ങളുടേത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ആദ്യം ഉന്നയിച്ചത് സി.പി.എമ്മിന്റെ മഞ്ചേശ്വരം സ്ഥാനാർത്ഥിയാണ്. ഉപതിരഞ്ഞെടുപ്പിൽ അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.