പാറശാല: പാറശാലയിൽ ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ നടപ്പിലാക്കുവാൻ തുടങ്ങിയിട്ട് പത്ത് വർഷത്തോളം കഴിഞ്ഞു. കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം ഇനിയും ബാക്കിയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പതിനൊന്ന് കോടിയോളം ചെലവഴിച്ച് കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി വണ്ടിച്ചിറയിൽ പുതിയ പ്ളാന്റ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. എങ്കിലും പാറശാലയിലെ വിതരണം ചെയ്യുന്നതിന് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ നേരത്തേ വിതരണം ചെയ്തിരുന്നതുപോലെ ശുദ്ധീകരിച്ച വെള്ളവും പൂർണമായി ശുദ്ധീകരിക്കാത്ത വെള്ളവും കലർത്തിയാണ് ഇപ്പോൾ വിതരണം നടത്തുന്നത്. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെട്ടതാണ് പാറശാലയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുക എന്നതും. കഴിഞ്ഞ അൻപത് വർഷങ്ങൾക്ക് സ്ഥാപിച്ചിട്ടുള്ള പദ്ധതി പ്രദേശമായ വണ്ടിച്ചിറ മുതൽ പാറശാല ടൗൺ വരെ ദേശീയ പാതയിലൂടെ സ്ഥാപിച്ചിട്ടുള്ള എ.സി പൈപ്പുകൾക്ക് പകരം പുതിയത് സ്ഥാപിക്കുക എന്നതാണ് ആവശ്യം.
പഴയ പൈപ്പ് ലൈനുകൾക്ക് പകരം പുതിയത് സ്ഥാപിക്കുക എന്നത് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം നിരവധി തവണ പഴയ പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. ദിവസങ്ങളോളം കുടിവെള്ള വിതരണം തടസപ്പെടുകയും ചെയ്തു. പുതിയതായി നടപ്പിലാക്കിയ പദ്ധതി അനുസരിച്ച് വണ്ടിച്ചിറ നിന്നും ആലമ്പാറ വഴി പവതിയാൻവിള വരെ സ്ഥാപിച്ചിട്ടുള്ള മറ്റൊരു പൈപ്പ് ലൈൻ പാതിവഴിയിലാണ്.
പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി പരശുവയ്ക്കൽ മുതൽ പവതിയാൻവിള വരെയും പവതിയാൻവിള ജംഗ്‌ഷനിലും റോഡ് വെട്ടി കുഴിച്ച ഭാഗങ്ങൾ പുനർനിമ്മിച്ചിട്ടില്ല. ഇതുകാരണം വളരെ പാടുപെട്ടാണ് യാത്ര. നേരത്തെ റോഡ് വെട്ടിപൊളിച്ചത് നവീകരികാത്തതിനെതിരെ പരശുവയ്ക്കലിൽ നാട്ടുകാർ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. എങ്കിലും വാർഡ് മെമ്പർ സ്ഥലത്ത് എത്തി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പാറശാലയിലെ കുടിവെള്ള വിതരണം കുറ്റമറ്റതാക്കി മാറ്റണമെങ്കിൽ ഇനിയും പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നാണ് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കുടിവെള്ളത്തിന്റെ പേരിൽ ഇനിയും റോഡ് വെട്ടിപൊളിച്ചാൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
|