വക്കം:വെളിവിളാകത്ത് വെളിവില്ലാതെ നിൽക്കുന്ന ട്രാൻസ്ഫോർമർ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.റോഡിലേക്ക് തള്ളി നിൽക്കുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറാണ് ഭീഷണി ഉയർത്തുന്നത്. ട്രാൻസ്ഫോർമറിന് താഴെയുള്ള ഓടയിൽ മഴക്കാലത്ത് വെള്ളം നിറയുമ്പോൾ ചെറിയ തോതിൽ വൈദ്യുതി പ്രസരിക്കുന്നതായി നാട്ടുകാർ പറയുന്നു.ഇത് കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതിന് കാരണമാകുന്നു.സമീപത്തെ സ്കൂളുകളിലേയ്ക്ക് പോകുന്നവിദ്യാർത്ഥികളും അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഇരുമ്പ് തൂണുകളിലാണിപ്പോഴും ട്രാൻസ്ഫോർമർ നിൽക്കുന്നത് പോലും. ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റണമെന്ന ആവശ്യം ഇതുവരെ സാധിച്ചിട്ടില്ല. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥയും, യാത്രാ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി വക്കം നിവാസികൾ കെ.എസ്. ഇ. ബി അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സൂക്ഷിച്ചില്ലേൽ
മഴ പെയ്യുമ്പോൾ പ്രസരണം ഉണ്ടാകുന്നു
വെള്ളം കെട്ടി നിൽക്കുന്നതും അപകടകരം
സമീപത്തായി നടന്നു പോകുന്നവർക്ക് ഷോക്കേൽക്കാം
വിദ്യാർത്ഥികളും കാൽ നടയാത്രികരും ഭീതിയിൽ
മുൻപ് ഈ ട്രാൻസ്ഫോർമറിന്റെ മുകളിലൂടെ 11 കെ.വി ലൈൻ ഉണ്ടായിരുന്നു.
അത് വഴിയാണ് കടക്കാവൂർ മേഖലയിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം അത് മാറ്റി മറ്റ് ലൈൻ വഴി വൈദ്യുതി എത്തിച്ചതോടെ ഈ ലൈൻ അൺ യുസ്ഡായി. വിദ്യാർത്ഥികൾ ഇത് വഴി യാത്ര ചെയ്യുമ്പോൾ ട്രാൻസ്ഫോമിറിനടുത്തെത്തുമ്പോൾ വാഹനങ്ങൾ വന്നാൽ ഇടമില്ലാതെ പിന്നോട്ട് ഓടേണ്ട അവസ്ഥയാണ്.
വെളിവിളാകത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ അധികൃതർവേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം.കൂടാതെ കാലഹരണപ്പെട്ട 11കെ.വി ലൈൻ നീക്കാനും നടപടി ഉണ്ടാകണം.
--ഗ്രാമപഞ്ചായത്ത് അംഗം തുളസി