വിഴിഞ്ഞം : ഏറെനാളത്തെ പരാതികൾക്ക് ശേഷം വിഴിഞ്ഞ ഫയർസ്റ്റേഷന് സ്വന്തമായി എഫ്.ആർ.വി (ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ) അനുവദിച്ചു. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ചെറുവാഹനമാണ് ഫയർസ്റ്റേഷന് ലഭിച്ചത്. തീപിടുത്തം ഉണ്ടാകുമ്പോഴും മറ്റ് അപകടങ്ങൾ ഉണ്ടാകുമ്പോഴും ഈ ചെറുവാഹനമാണ് ആദ്യം എത്തുന്നത്. വലിയവാഹനങ്ങൾ എത്തും മുൻപെ പ്രാഥമിക ചികിത്സ ഉൾപ്പടെയുള്ള കാര്യങ്ങൾ ഈ വാഹനത്തിലുള്ളവർ നടത്തും. ചെറുറോഡുകിൽ വേഗത്തിൽ സഞ്ചരിക്കാൻ ഇതിനു കഴിയും. തിരഞ്ഞെടുക്കപ്പെട്ട ഫയർസ്റ്റേഷനുകളിൽ മാത്രമാണ് ഈ ചെറു വാഹനം എത്തിയത്.
രാജ്യാന്തര തുറമുഖവും മത്സ്യ ബന്ധന തീരവുമുള്ള വിഴിഞ്ഞത്തെ അഗ്നിശമന സേനയ്ക്ക് കാത്തിരുന്ന് കിട്ടിയ ആംബുലൻസ് 20 വർഷം പഴക്കമുള്ളത്. അത്യാവശ്യ സമയത്ത് ഓടിക്കാൻ കഴിയില്ല. സ്റ്റിയറിംഗ് പിടിച്ചാൽ മറ്റൊരു വഴിക്ക് പോകും. ആദ്യകാല ഫയർസ്റ്റേഷനായ വിഴിഞ്ഞത്തിന് അവഗണനയെന്നു പരാതി. ചാക്ക ഫയർസ്റ്റേഷൻ ഓഫീസിൽ എത്തിച്ച 20 അത്യാധുനിക ആംബുലൻസുകളിൽ ഒരെണ്ണം വിഴിഞ്ഞത്തിനു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് ചെങ്കൽ ചൂള സ്റ്റേഷനിൽ ഓടി കണ്ടം ചെയ്യാറായത്.
വിഴിഞ്ഞത്തുള്ള ജീപ്പിന് പഴക്കം 25 വർഷത്തിലേറെ, രണ്ട് യൂണിറ്റ് ഫയർ എൻജിനുകളിൽ ഒരെണ്ണം റോഡിൽ ഇറക്കരുതെന്ന് മെക്കാനിക്കുകൾ പറഞ്ഞെങ്കിലും വേറെ മാർഗ്ഗമില്ല. ഇത് ഉടൻ കണ്ടം ചെയ്യുമെന്നാണ് സൂചന അപകടവിവരമറിഞ്ഞ് സ്ഥലത്തെത്താൻ വൈകുന്നുവെന്ന കാരണത്താൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പഴി കേട്ടിരുന്നുവെങ്കിലും ചെറു വാഹനം എത്തിയതോടെ അതിന് പരിഹാരമായി.
വിഴിഞ്ഞത്തുള്ള രണ്ട് ചെയിൻസ്വാ കളും മറ്റ് സ്റ്റേഷനുകളിൽ ഉപയോഗിച്ച് കേടായവ. ചുരുക്കത്തിൽ വിഴിഞ്ഞം അഗ്നിശമന സേന ഓഫീസ് ആക്രി സാധനങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിൽ. കഴക്കൂട്ടം -കാരോട് ബൈപ്പാസ് റോഡിൽ അപകടങ്ങൾ പതിവായതോടെ സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസാണ് ആശ്രയിക്കുന്നത്.