തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 96-ാം ജന്മദിനം. പതിവുപോലെ ആ​ർ​ഭാ​ട​മോ ആ​ഘോ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ വി.എസ് ജന്മദിനം ആഘോഷിക്കും. രാവിലെ 11ന് കവടിയാർ ഹൗസിൽ

ഭാര്യ വസുമതിക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കേക്ക് മുറിക്കും. സ്റ്റാഫംഗങ്ങൾക്കും വീട്ടിൽ വരുന്നവർക്കുമെല്ലാം പായസം വിളമ്പും. ഉച്ചയ്ക്ക് കുടുംബസമേതം പിറന്നാൾ സദ്യയുണ്ണും.

ആലപ്പുഴയിൽ വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വി.എസ്. ജനിച്ചത്.1958ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസമിതിയിൽ അംഗമായ വി.എസ് ഇപ്പോൾ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിൽ അദ്ദേഹത്തിന് ഇത് 61-ാം വർഷം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. സി.പി.എം രൂപീകരണത്തിന് നേതൃത്വം നൽകിയ 32 പേരിൽ പ്രവർത്തനരംഗത്തുള്ളതും വി.എസ് മാത്രമാണ്. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി.എസിന്റെ പാർട്ടി അംഗത്വത്തിനും 79 വയസായി. 23 വർഷം അദ്ദേഹം സി.പി.എം പി.ബിയിലും അംഗമായി. ഇപ്പോഴത്തെ നിയമസഭയിൽ ഏറ്റവും പ്രായം കൂടിയ അംഗമാണ് വി.എസ്.