ശ്രീകാര്യം: സർക്കാർ സ്ഥാപനങ്ങളിലെ കോമ്പൗണ്ടിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന സംഘങ്ങൾ സജീവമായിട്ടും അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന് പരാതി. ജില്ലയുടെ വിവിധ സർക്കാർ മന്ദിരങ്ങളിലെയും സ്ഥാപനങ്ങളിലെയും പഴക്കം ചെന്ന ചന്ദനമരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയിട്ടും ഇതുവരെ ഒരാളെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് മൺവിള ആകാശവാണി ട്രാൻസ്‌മിറ്റിംഗ് കേന്ദ്രത്തിലെ വളപ്പിൽ നിന്ന ലക്ഷങ്ങൾ വിലവരുന്ന ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഈ ആക്ഷേപം നിലനിൽക്കെയാണ് സി.ഇ.ടി കാമ്പസിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തിയത്. കോളേജ് ഗ്രൗണ്ടിന് സമീപത്തെ സിവിൽ ഡിപ്പാർട്ട്മെന്റിന് എതിർവശത്ത് നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത്. സംഭവം മൂന്നു ദിവസം മുമ്പാണ് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പൽ പൊലീസിന് പരാതി നൽകിയിരുന്നു. ചന്ദനമരം നിന്ന സ്ഥലത്ത് നിരീക്ഷണ കാമറകൾ ഉണ്ടായിരുന്നെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. ചുറ്റുമതിലും സെക്യുരിറ്റി സംവിധാനങ്ങളുമുള്ള കോളേജ് കാമ്പസിൽ നിന്ന് മരം മുറിച്ച് കടത്തിയതിൽ ദുരുഹതയുണ്ടെന്നാണ് ചില ജീവനക്കാരുടെ ആരോപണം. കാമ്പസിൽ നിന്ന് മുമ്പും ചന്ദനമരങ്ങൾ മോഷണം പോയിട്ടുള്ളതായി ജീവനക്കാർ പറയുന്നു. കോളേജ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട കാടുവെട്ടൽ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇതിനിടയിലായിരിക്കാം ചന്ദനമരം നഷ്ടപ്പെട്ടതെന്നുമാണ് മറ്റൊരുവാദം. ജില്ലയിലെ സ്ഥിരം ചന്ദനമോഷണ സംഘങ്ങൾ ജയിലിലാണെന്നും പുതിയ ഏതെങ്കിലും സംഘമാകും സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ശ്രീകാര്യം എസ്.ഐ അജീഷ് കുമാർ പറഞ്ഞു. അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.