chennithala1

തിരുവനന്തപുരം: വാശിയേറിയ ത്രികോണപ്പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ നാടിനെ ഇളക്കി മറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ. രണ്ടര മണിക്കൂർ മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോയ റോഡ്ഷോ പ്രവർത്തകരുടെ ആവേശത്തിൽ ശ്രദ്ധേയമായി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പാതയോരങ്ങളിൽ കാത്തുനിന്നവരോട് മോഹൻകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ചെന്നിത്തലയും സംഘവുമെത്തിയത്. വലിയവിളയിൽ നിന്ന് 2.30ന് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി ഡോ.കെ. മോഹൻകുമാർ, ഡോ. ശശി തരൂർ എം.പി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പം സിനിമാതാരം ജഗദീഷും റോഡ്ഷോയുടെ ഭാഗമായി. വേട്ടമുക്ക്, മരുതംകുഴി ഭാഗത്തേക്ക് വാഹനവ്യൂഹം നീങ്ങി. കൈവീശിയും ഷാളണിയിച്ചും ഹാരമണിയിച്ചും പൂക്കൾ വിതറിയുമാണ് പ്രവർത്തകരും നാട്ടുകാരും നേതാക്കളെ സ്വീകരിച്ചത്. ശാസ്‌തമംഗലം, വെള്ളയമ്പലം, പി.എം.ജി, പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, നാലാഞ്ചിറ, ഉദിയന്നൂർ ക്ഷേത്ര റോഡ് വഴി മഠത്തുനട, ചൂഴംമ്പാല, വയലിക്കട, കുറവൻകോണം, കവടിയാർ, അമ്പലമുക്ക് വഴി 5ഓയോടെ റോഡ്ഷോ പേരൂർക്കടയിൽ കൊട്ടിക്കലാശത്തിന് കാത്തുനിന്ന പ്രവർത്തകർക്കു നടുവിലെത്തി. തുടർന്ന് ജീപ്പിന് മുകളിൽ കയറിയ സ്ഥാനാർത്ഥി മോഹൻകുമാർ കൊടി വീശിയും വാദ്യമേളങ്ങൾക്കൊപ്പം താളം പിടിച്ചും പ്രവർത്തകരെ ആവേശത്തിലാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഡി.സി.സി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡി. സുദർശനൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ഡി. ദേവരാജൻ, കോൺഗ്രസ് നേതാക്കളായ ശരത്ചന്ദ്രപ്രസാദ്,​ കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ തുടങ്ങിയവർ റോഡ്ഷോയിൽ പങ്കെടുത്തു.