
മലയിൻകീഴ്: നവീകരിച്ച റോഡിലെ മാറാത്ത ചെളി നാട്ടുകാർക്ക് ദുരിത യാത്ര സമ്മാനിക്കുന്നു.ചെളിനിറഞ്ഞ റോഡിൽ അപകടങ്ങളും പതിവായി. പോങ്ങുംമൂട്-ചീനിവിള റോഡാണ് അപകടം വിതയ്ക്കുന്നത്. ഈ റോഡിൽ ചെളി വ്യാപിച്ച് കിടക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാനകാരണം. രണ്ട് വർഷം മുൻപാണ് സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് നവീകരിച്ചത്. റബറൈസിഡ് ടാറിംഗ് നടത്തിയ റോഡിൽ ചരൽമണ്ണ് നിറഞ്ഞതോടെ റോഡിലെത്തുന്ന വാഹനങ്ങൾ ചരിയുമ്പോഴും ബ്രേക്ക് അമർത്തുമ്പോഴും മറിയുകയാണ്. ഇത്തരത്തിൽ മൂന്ന് ജീവനുകളാണ് ഈ റോഡിൽ പൊലിഞ്ഞത്. ഈ ഭാഗത്ത് കഴിഞ്ഞ ദിവസം ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽ പെട്ടതാണ് ഒടുവിലത്തെ സംഭവം. മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന മണ്ണാണ് ഈ റോഡിലെ പ്രധാന വില്ലൻ. നാട്ടുകാരും രക്ഷിതാക്കളും ഇക്കാര്യം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. അണപ്പാട്-ചീനിവിള മുതൽ പോങ്ങും മൂട് വരെയുള്ള റോഡ് ടാറിംഗ് കഴിഞ്ഞപ്പോൾ ഇലക്ട്രിക് പോസ്റ്റുകൾ റോഡിലായതും അപകടത്തിന് കാരണമാകാറുണ്ട്. കാൽനടയാത്രക്കാരും ഈ റോഡ് കടന്ന് പോകുന്നത് ഭീതിയോടെയാണ്.കാലൊന്ന് തെറ്റിയാൽ വീണ് നടുവൊടിയുമെന്നതിൽ സംശയം വേണ്ട. പോങ്ങുംമൂടിനും-ചീനിവിളയ്ക്കുമിടയിൽ നിത്യേന നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്.