പാറശാല: പാറശാല ഇവാൻസ് ഹൈ സ്‌കൂൾ കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം യുവകവി ഡോ. ബിജു ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജി സന്തോഷ് കുമാർ, അദ്ധ്യാപകരായ ആർ.ആർ. റോബർട്ട് രാജ്, ജന്നർ ഡാനിയേൽ, അനീഷ്, ഷീജ, ജസ്‌ലിൻ എന്നിവർ സംസാരിച്ചു. നിർദ്ധന കുടുംബത്തിലെ അംഗവും സ്‌കൂളിലെ പൂർവവിദ്യാർത്ഥിയുമായ പുത്തൻകട നിവാസി രമ്യയുടെ രോഗിയായ അമ്മയുടെ ചികിത്സാ ചെലവുകൾക്കായി പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി സ്വരൂപിച്ച 5000 രൂപ ഹെഡ്മാസ്റ്റർ ഷാജി സന്തോഷ്‌കുമാർ രമ്യയ്ക്ക് കൈമാറി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ 16 വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ പഠനത്തിനൊപ്പം കലാ കായിക മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ചു. കലോത്സവത്തോടൊപ്പം നടന്ന കലാമത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും കായിക മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു.