തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പുള്ള ശക്തിപ്രകടനമായി മാറിയ കൊട്ടിക്കലാശത്തിൽ ഇന്നലെ ശബ്ദ, വർണ, മേള ഘോഷത്തോടെ മുന്നണികൾ തെരുവുകളിൽ നിരന്നു. നേതാക്കളും അണികളും ഒന്നായി ആഘോഷത്തിമിർപ്പിലായ കൊട്ടിക്കലാശത്തിൽ തികഞ്ഞ മത്സരവീര്യത്തോടെ പാർട്ടിപ്പതാകകൾ ആകാശത്തിലുയർന്നു. വാനിലുയർന്നുപറന്ന കൊടികളെ സാക്ഷിയാക്കി ആകാശത്തേക്ക് മുഷ്ടി ചുരുട്ടി പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറുള്ള മുദ്രാവാക്യം വിളികൾ, പാർട്ടിപ്പതാകയുടെ നിറത്തിലുള്ള ബലൂണുകളുടെ സഞ്ചയം തീർത്ത് ആകാശത്തേക്കുയർത്തി. വാദ്യഘോഷങ്ങൾക്കും പ്രചാരണഗാനത്തിനൊപ്പം പ്രവർത്തകർ തെരുവിൽ നൃത്തം ചവിട്ടി. കത്തുന്ന ചൂടിനെയും ഇടയ്ക്ക് പെയ്ത ചാറ്റൽമഴയെയും കൂസാതെ മണിക്കൂറുകളോളം നീണ്ട ആവേശം.
യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ കരുത്തും പ്രവർത്തകശേഷിയും കാട്ടാനുള്ള അവസരമായി കൊട്ടിക്കലാശത്തെ കണ്ടതോടെ ആവേശം കൊട്ടിക്കയറി. ജംഗ്ഷനിലെ കെട്ടിടങ്ങൾക്കും പരസ്യപ്പലകകൾക്കും മുകളിൽ പാർട്ടിപ്പതാകകളും സ്ഥാനാർത്ഥിമാരുടെ കട്ടൗട്ടുകളും വർണബലൂണുകളും രാവിലെത്തന്നെ ഉയർന്നിരുന്നു. മൂന്നു മുന്നണികൾക്കുമായി പേരൂർക്കട ജംഗ്ഷനിൽ പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളിലായി പ്രവർത്തകരും പ്രചാരണ വാഹനങ്ങളും തമ്പടിച്ചു. ബാൻഡ് മേളം, ശിങ്കാരിമേളം,ബൈക്ക് റാലി, ഘോഷയാത്ര തുടങ്ങിയവയുമായി വിവിധ മണ്ഡലം, ബ്രാഞ്ച് കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകർ എത്തി.

മൂന്നുമണിയോടെ പേരൂർക്കട ജനസാഗരമായി. പിന്നെ മത്സരവീര്യത്തോടെ ശക്തിപ്രകടനം. ബാൻഡ് വാദ്യവും ചെണ്ടയും കേരളീയ കലാരൂപങ്ങളും പ്രചാരണഗാനങ്ങളും ഉച്ചഭാഷിണി അനൗൺസ്‌മെന്റുമായി ശബ്ദഘോഷം. ജെ.സി.ബിയും ലോറിയുമടക്കമുള്ള വാഹനങ്ങൾക്കു മുകളിൽ കയറിനിന്ന് കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചും ചുവടുവച്ചും പ്രവർത്തകർ ആവേശക്കൊടുമുടിയിലായി. പിന്നീടുള്ള മൂന്നു മണിക്കൂർ താളം കൊട്ടിക്കയറുകയല്ലാതെ താഴേക്കു പോയില്ല. ത്രിവർണക്കൊടിയും ചെങ്കൊടിയും ഹരിതകുങ്കുമക്കൊടിയും ഒരുപോലെ വാനിലുയർ‌ന്നു. മുന്നണികളുടെ ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെയും പതാകകളുമായും സ്ഥാനാർത്ഥിയുടെ മുഖംമൂടിയണിഞ്ഞും പ്രവർത്തകർ എത്തിയിരുന്നു. ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും പങ്കാളിത്തവുമാണ് ആവേശമായത്. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിദ്ധ്യവും കൊട്ടിക്കലാശത്തിനു മാറ്റുകൂട്ടി.

സ്ഥാനാർത്ഥികളായ കെ.മോഹൻകുമാറും വി.കെ. പ്രശാന്തും എസ്.സുരേഷും എത്തിയതോടെ പ്രവർത്തകരുടെ ആവേശം പിന്നെയുമേറി. പ്രവർത്തകർ സ്ഥാനാർത്ഥികളെ മാലയണിയിച്ച് തുറന്ന വാഹനത്തിലേക്ക് കൈപിടിച്ചുകയറ്റി. പ്രവർത്തകരെ അഭിവാദ്യം ചെയ്തും കൈയടിച്ചും ചുവടുവച്ചും സ്ഥാനാർത്ഥികളും ആവേശത്തിൽ പങ്കുചേർന്നു. നേതാക്കൾക്കൊപ്പം പ്രചാരണവാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ ബാൽക്കണിയിൽ കയറിനിന്നായിരുന്നു കെ.മോഹൻകുമാറും വി.കെ. പ്രശാന്തും വോട്ടർമാരെ അഭിവാദ്യം ചെയ്തത്. ബൂം ലിഫ്റ്റിൽ നേതാക്കൾക്കൊപ്പമായിരുന്നു എസ്.സുരേഷ്.

മറ്റു ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പേരൂർക്കടയിൽ മാത്രമായിരുന്നു യു.ഡി.എഫിന്റെ കൊട്ടിക്കലാശം. മണ്ഡലത്തിലെ വിവിധ ജംഗ്ഷനുകളിലായിട്ടായിരുന്നു എൽ.‌ഡി.എഫിന്റെ കൊട്ടിക്കലാശം. തുടർന്ന് പേരൂർക്കടയിലെത്തി സംഗമിച്ചു. പേരൂർക്കടയ്ക്കു പുറമേ വലിയവിള, കേശവദാസപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും എൻ.ഡി.എയുടെ കൊട്ടിക്കലാശം നടന്നു.

യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പൊരുതുന്ന വട്ടിയൂർക്കാവിലെ പ്രചാരണത്തിൽ മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ് ഇത്തവണ പ്രകടമായത്.ഇന്ന് നിശബ്ദപ്രചാരണത്തിൽ പ്രവർത്തകർ വീടുകളിലെത്തി വോട്ട് അഭ്യർത്ഥിക്കും. നാളെ വട്ടിയൂർക്കാവ് ബൂത്തിലേക്ക്.