vkp

തിരുവനന്തപുരം : റോഡ് ഷോ നടത്തി സ്ഥാനാർത്ഥികൾ പരസ്യപ്രചാരണം അവസാനിപ്പിക്കുന്ന പതിവ് രീതിക്ക് മാറ്റം വരുത്തി വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ഇന്നലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. കണ്ണമ്മൂല, പട്ടം, കിണവൂർ എന്നിവിടങ്ങളിലാണ് രാവിലെ മുതൽ വൈകിട്ട് വരെ പ്രശാന്ത് വോട്ടർമാരെ കാണാനെത്തിയത്. ഓരോ വോട്ടറെയും നേരിട്ടു കാണുകയെന്ന രീതിയാണ് പ്രചാരണത്തിന്റെ തുടക്കം മുതൽ പ്രശാന്ത് സ്വീകരിക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ ഇന്നലെ മണ്ഡലത്തിൽ റോഡ് ഷോയിലൂടെ സജീവമായപ്പോഴും കിട്ടാവുന്ന പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പട്ടത്തു മാത്രം 13 ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ വീടുകൾ സന്ദർശിച്ചത്. തുടർന്ന് വിവാഹ, മരണ ചടങ്ങുകളിലും പങ്കെടുത്തു. 2 മണിമുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ കൊട്ടിക്കലാശം നടക്കുന്ന പേരൂർക്കട ജംഗ്ഷനിലേക്ക് എത്തിത്തുടങ്ങി. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിന് പ്രവർത്തകരാണ് പ്രശാന്തിന്റെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ച് ചെങ്കൊടികളുമായി ഒഴുകിയെത്തിയത്.

കൃത്യം 4മണിക്ക് കൊട്ടിക്കലാശ നഗരിയിലേക്ക് സ്ഥാനാർത്ഥിയെത്തി. രണ്ട് മണിക്കൂർ അദ്ദേഹം ആവേശഭരിതരായ പ്രവർത്തക്കൊപ്പം ചിലവഴിച്ചു. മുഷ്ടി ചുരുട്ടിയും കൈവീശിയും പ്രവർത്തകരെ അഭിവാദ്യം ചെയ്ത സ്ഥാനാർത്ഥിയെ പൂക്കൾ വിതറിയും ചുവന്ന ഷാൾ അണിയിച്ചുമാണ് പ്രവർത്തകർ സ്വീകരിച്ചത്. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയായിരുന്നു എൽ.ഡി.എഫിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചത്.