rohit-rahane
rohit -rahane

റാഞ്ചി : 39 റൺസെടുക്കുന്നതിനിടെ നായകൻ കൊഹ്‌ലിയടക്കം മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റാഞ്ചി ടെസ്റ്റിൽ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ച് ഒാപ്പണർ രോഹിത് ശർമ്മയും മധ്യനിരക്കാരൻ അജിങ്ക്യ രഹാനെയും പരമ്പരയിലെ മൂന്നാം സെഞ്ച്വറി (117 നോട്ടൗട്ട്) നേടിയ രോഹിതും അർദ്ധ സെഞ്ച്വറി നേടിയ രഹാനെയും (83 നോട്ടൗട്ട്) ചേർന്ന് മഴയും വെളിച്ചക്കുറവും മൂലം ആദ്യദിനത്തിൽ കളി നേരത്തെ നിറുത്തിയപ്പോൾ ഇന്ത്യയെ 224/3 എന്ന സ്കോറിലെത്തിച്ചു.

രാവിലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കണ്ണടച്ചുതുറക്കും മുന്നേ മായാങ്ക് അഗർവാൾ (10), ചേതേശ്വർ പുജാര (0), വിരാട് കൊഹ്‌ലി (12) എന്നിവരെ നഷ്ടമായി. മായാങ്കിനെ റബാദ എൽഗാറിന്റെ കൈയിലെത്തിക്കുകയും പുജാരയെ എൽ.ബിയിൽ കുരുക്കുകയുമായിരുന്നു. 16-ാം ഒാവറിൽ കൊഹ്‌ലിയെ നോർജേയാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്. ഇന്ത്യ ഡി.ആർ.എസ് നൽകിയെങ്കിലും അമ്പയറുടെ തീരുമാനം ശരിവച്ചു.

തുടർന്ന് ക്രീസിലുറച്ച രഹാനെ തുടർച്ചയായി ബൗണ്ടറികൾ നേടിയതോടെ രോഹിതിനും ആത്മവിശ്വാസമായി. ലഞ്ചിന് പിരിയുമ്പോൾ 23 ഒാവറിൽ 71 റൺസായിരുന്നു ഇന്ത്യ നേടിയത്. ലഞ്ചിനുശേഷം രോഹിതും തകർത്താടിയതോടെ ചായ വരെയുള്ള സമയത്ത് 29 ഒാവറിൽ 134 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ചായയ്ക്കുശേഷം ആറോവർകൂടിയേ കളി നടന്നുള്ളൂ.

164 പന്തുകൾ നേരിട്ട രോഹിത് 14 ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെയാണ് 117 റൺസിലെത്തിയിരിക്കുന്നത്.

135 പന്തുകൾ നേരിട്ട രഹാനെ 11 ബൗണ്ടറികളും ഒരു സിക്സുമടിച്ചു.

185 റൺസാണ് 42.3 ഒാവറിൽ നിന്ന് രോഹിത് രഹാനെ സഖ്യംകൂട്ടിച്ചേർത്തത്.

വ്യക്തിഗത സ്കോർ: 95 ൽ നിൽക്കെ ഡേൻ പീറ്റിനെ സിക്സടിച്ചാണ് രോഹിത് സെഞ്ച്വറിയിലെത്തിയത്.

സിക്സർ റെക്കാഡ്

17

ഇൗ സിരീസിലെ 17-ാമത്തെ സിക്സാണ് രോഹിത് ഇന്നലെ പറത്തിയത്. ഇതോടെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സികസുകൾ നേടിയിട്ടുള്ള വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മേയറുടെ റെക്കാഡ് (15 സിക്സുകൾ) രോഹിതിന്റെ പേരിലായി.

ആദ്യടെസ്റ്റിൽ 13 സിക്സടിച്ച രോഹിത് ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ‌് നേടിയിരുന്ന വാസിം അക്രമിന്റെ (12) റെക്കാഡ് വിശാഖപട്ടണത്ത് മറികടന്നിരുന്നു.

മൂന്ന് ഫോർമാറ്റുകളിലും ഒരു മത്സരത്തിലെ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്.

പകരക്കാരൻ വന്നിട്ടും

നാണയ ഭാഗ്യം വന്നില്ല

തനിക്ക് ഭാഗ്യമില്ലെന്ന് പറഞ്ഞ് മൂന്നാം ടെസ്റ്റിന് ടോസിടാൻ താത്കാലിക ക്യാപ്ടനായി ടെംപ ബൗമയെ കൂട്ടിവന്നിട്ടും ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഡുപ്ളെസിക്ക് വീണ്ടും നാണക്കേട്. ഇന്നലെ ടോംസ് നേടിയത് ഇന്ത്യൻ നായകൻ കൊഹ്‌‌ലിയാണ്. ഏഷ്യൻ മണ്ണിൽ ഇത് 10-ാം തവണയാണ് ഡുപ്ളെസിക്ക് ടോസ് നഷ്ടമാകുന്നത്.