തിരുവനന്തപുരം: തമിഴ്നാട് സർക്കാരിൽ നിന്നു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലഭിച്ചിരുന്ന തസ്‌ദീക്ക് അലവൻസ് 18 വർഷത്തെ കുടിശ്ശിക സഹിതം അനുവദിച്ചു. 1.67 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന പണ്ടാരവക ഭൂമി തമിഴ്നാട് സർക്കാർ ഏറ്റെടുത്തതിന്റെയും അവിടത്തെ കൃഷിക്കാരിൽ നിന്ന് ക്ഷേത്രത്തിനു ലഭിച്ചിരുന്ന തിരുപ്പുവാരം നിയമപരമായി നിറുത്തലാക്കിയതിന്റെയും നഷ്ടപരിഹാരമായി സർക്കാർ നൽകിയിരുന്ന തസ്‌ദീക്ക് അലവൻസാണ് കുടിശിക സഹിതം അനുവദിച്ചത്.
18 വർഷം മുടങ്ങിയ അലവൻസ് ലഭിക്കാനായി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി.രതീശന്റെ നേതൃത്വത്തിൽ തീവ്ര യജ്ഞമാണ് നടത്തിയത്. പഴയ ഫയലുകൾ കണ്ടെടുത്ത ശേഷം ലെയ്സൺ ഓഫീസർ ടി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാഗർകോവിലിൽ എത്തി റവന്യു അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് രേഖകൾ സംഘടിപ്പിച്ച് മെമ്മോറാണ്ടം തയ്യാറാക്കി തമിഴ്നാട് സർക്കാരിന് നൽകി. തുടർന്നാണ് തസ്‌ദീക്ക് അലവൻസ് കുടിശിക സഹിതം അനുവദിച്ചത്.